പത്തനംതിട്ട: അടൂർ പോലീസ് സ്റ്റേഷനിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ജൂലായിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ സാമൂഹികമാധ്യമങ്ങളിൽ അധിക്ഷേപകരമായ പോസ്റ്റ് പങ്കുവെച്ച യൂട്യൂബർ രാജൻ ജോസഫിനെ എറണാകുളത്തുനിന്ന് അറസ്റ്റ് ചെയ്ത് അടൂർ പോലീസ് സ്റ്റേഷനിലെത്തിച്ചപ്പോഴായിരുന്നു സംഭവങ്ങളുടെ തുടക്കം.
പോലീസ് ജീപ്പ് തടഞ്ഞുനിർത്തി രാജൻ ജോസഫിനെ ആക്രമിക്കാൻ ശ്രമിക്കുന്നതും പോലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ചുകയറുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കൊപ്പം കോൺഗ്രസ് നേതാവ് ഫെന്നി നൈനാൻ ഉൾപ്പെടെയുള്ള പ്രവർത്തകരും ദൃശ്യങ്ങളിൽ കാണാം. സ്റ്റേഷനിലെ സെല്ലിന് മുന്നിൽവെച്ച് രാജൻ ജോസഫുമായി കോൺഗ്രസ് പ്രവർത്തകർ തർക്കിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
സംഭവദിവസം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും കണ്ടാൽ അറിയാവുന്ന 20 പേർക്കെതിരെ മാത്രമാണ് എഫ്.ഐ.ആർ തയ്യാറാക്കിയത്. ശ്രീനാദേവി കുഞ്ഞമ്മയുടെയോ ഫെന്നി നൈനാന്റെയോ പേരുകൾ എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയിരുന്നില്ല.