കാസർകോട്: പാർട്ടി പ്രവർത്തകയുടെ അശ്ലീലചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചെന്ന വിവാദത്തിനു പിന്നാലെ സി.പി.എം. ഉദുമ ഏരിയ സെക്രട്ടറി മധു മുതിയക്കാലിനെ സ്ഥാനത്തുനിന്ന് മാറ്റി. മധു സ്വയം സ്ഥാനമൊഴിഞ്ഞതാണെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം. പി.വി. രാജേന്ദ്രനാണ് പുതിയ ഏരിയ സെക്രട്ടറി.
മാസങ്ങൾക്കു മുൻപാണ് സഹപ്രവർത്തകയായ പാർട്ടി പ്രവർത്തകയുടെ അശ്ലീലചിത്രം മധു സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. സംഭവം വലിയ വിവാദമാവുകയും പാർട്ടി പ്രവർത്തകർക്കിടയിലടക്കം പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.
പാർട്ടിയുടെ വിപുലീകൃത കമ്മിറ്റി ചേരുമ്പോൾ മധുവിനെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന സൂചനകളുണ്ടായിരുന്നെങ്കിലും നടപടിയുണ്ടായില്ല. ആരോഗ്യപരമായ കാരണങ്ങളാൽ മധു മുതിയക്കാലിനെ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റുകയാണെന്നാണ് സി.പി.എം. കാസർകോട് ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക വിശദീകരണം.
മധു സി.പി.എം. കാസർകോട് ജില്ലാ കമ്മിറ്റി അംഗം കൂടിയാണ്. ഈ സ്ഥാനത്തുനിന്നും അദ്ദേഹത്തെ മാറ്റിയേക്കുമെന്നാണ് സൂചന.