കൊല്ലം: കടയ്ക്കലിൽ ഭർതൃവീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിക്കവേ പരുക്കേറ്റ് ചികിത്സയിലായിരുന്ന സ്വകാര്യ സ്കൂൾ അധ്യാപിക മരിച്ചു. ഇളമ്പഴന്നൂർ സമീർ മൻസിലിൽ സമീറിന്റെ ഭാര്യ നിഷ്നയാണ് (27) മരിച്ചത്. കഴിഞ്ഞ ദിവസം നിഷ്ന ഫോണിൽ ചാറ്റ് ചെയ്തത് സമീർ ചോദ്യം ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.
ഇതോടെ അന്നേ ദിവസം വൈകിട്ട് സ്കൂളിൽ നിന്നു സമീർ കൂട്ടിക്കൊണ്ടു വന്ന നിഷ്ന വീട്ടിൽ എത്തിയ ശേഷം തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതു കണ്ട സമീർ, കുരുക്കഴിച്ചു നിഷ്നയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം കബറടക്കി. ഏരൂർ പത്തടി നിയാസ് മൻസിലിൽ മുഹമ്മദ് ബഷീറിന്റെയും സുബയയുടെയും മകളാണ്. മക്കൾ: ഐന ഫാത്തിമ, ഐഹാൻ ഫാത്തിമ.