BREAKING NEWS

സരൾ ബില്ലിൽ സഭയിൽ വാക്പോര്; ‘കരാള ബിൽ’ എന്ന് ജി. സുധാകരൻ, നടപ്പായാൽ നെൽവയലുകളില്ലാതാകുമെന്ന് പിണറായി; പ്രതിഷേധിച്ച് സഭ വിട്ടിറങ്ങി പ്രതിപക്ഷം; എതിർപ്പുകൾക്കിടെ പാസാക്കി

· · 1 min read
Share: Copied!

തിരുവനന്തപുരം: കേരളത്തിൽ വ്യവസായങ്ങൾക്കുള്ള അനുമതികൾ വേഗത്തിലാക്കാൻ സർക്കാർ കൊണ്ടുവന്ന സരൾ ബിൽ പ്രതിപക്ഷത്തിന്റെ എതിർപ്പിനിടെ നിയമസഭ പാസാക്കി. ബില്ലിനെതിരെ പ്രതിഷേധിച്ച പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി. അതേസമയം, ബില്ലിനെച്ചൊല്ലി ഭരണപക്ഷത്തും ഭിന്നാഭിപ്രായം ഉയർന്നു. അമ്പലപ്പുഴ എംഎൽഎ ജി. സുധാകരൻ ബില്ലിനെ രൂക്ഷമായി വിമർശിച്ചു. സരൾ ബിൽ സർക്കാരിന് ബാധ്യതയാകുമെന്നും വനമേഖല കുറയുന്നതിന് കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇത് ‘കരാള ബിൽ’ ആണെന്നും പേരിന്റെ അർഥമെന്താണെന്നും സുധാകരൻ ചോദിച്ചു.

വ്യവസായ അനുമതികൾ സുഗമമാക്കുമ്പോൾ നെൽവയലുകളിലും തണ്ണീർത്തടങ്ങളിലും നിലവിലുള്ള സംരക്ഷണം തുടരുമെന്ന് ഉറപ്പുനൽകാനാകുമോയെന്നും അദ്ദേഹം ചോദിച്ചു. തണ്ണീർത്തടങ്ങൾ, തോടുകൾ, കായലുകൾ എന്നിവ സംരക്ഷിക്കാനുള്ള മുൻകരുതലുകൾ ബില്ലിലില്ലെന്നാണ് സുധാകരന്റെ വിമർശനം. കുട്ടനാട്ടിൽ നെൽസംരക്ഷണ സമിതി രൂപീകരിച്ച വ്യക്തിയാണ് താനെന്നും ബിൽ സംസ്ഥാനത്തിന് ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

നെൽവയലുകൾക്ക് സംരക്ഷണമുണ്ടാകുമെന്നും നിയമലംഘനം തടയാൻ ജില്ലാ കലക്ടർക്ക് അധികാരമുണ്ടാകുമെന്നും വ്യവസായ മന്ത്രി വിശദീകരിച്ചു. എന്നാൽ സംരക്ഷണം ഉറപ്പാണെന്ന് പറഞ്ഞാൽ മാത്രം പോരെന്നും അത് ബില്ലിൽത്തന്നെ രേഖപ്പെടുത്തണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

സുധാകരന്റെ വിമർശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശനും രംഗത്തെത്തി. സുധാകരൻ ആശങ്ക പങ്കുവയ്ക്കുകയാണെന്നാണ് ആദ്യം കരുതിയതെന്നും എന്നാൽ പുറക്കാട് പാടശേഖരം നികത്തി എയിംസ് സ്ഥാപിക്കണമെന്ന് രാവിലെ ശ്രദ്ധക്ഷണിക്കലിൽ ആവശ്യപ്പെട്ടത് അദ്ദേഹമാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു. പാടശേഖരം നികത്തി പദ്ധതികൾ നടപ്പാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ പത്തുവർഷത്തെ നേട്ടമായി പറയാനുള്ളത് പൂട്ടിപ്പോയ പൊതുമേഖലാ സ്ഥാപനങ്ങളാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. സ്ഥാപനങ്ങൾ നഷ്ടത്തിലായതിന്റെ കാരണങ്ങൾ അന്വേഷിക്കുമെന്നും എത്ര സ്പിന്നിങ് മില്ലുകളാണ് പൂട്ടിപ്പോയതെന്നും അദ്ദേഹം ചോദിച്ചു. പഞ്ചായത്തിലെ ഒരു ക്ലർക്കിന് വിചാരിച്ചാൽ വ്യവസായം തുടങ്ങാനെത്തുന്ന ഒരാളെ പുറത്തുനിർത്താൻ കഴിയുന്ന സാഹചര്യമാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മൂന്നര വർഷം അനുമതികളില്ലാതെ വ്യവസായം തുടങ്ങാൻ അവസരം നൽകിയവരാണ് ഇപ്പോൾ സരൾ ബില്ലിനെതിരെ പ്രതിഷേധിക്കുന്നതെന്ന് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി വിമർശിച്ചു. ആവശ്യമില്ലാത്ത ഇടങ്ങളിൽ മുദ്രാവാക്യം വിളിക്കുന്നതാണ് നാടിന്റെ പ്രശ്നമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജി. സുധാകരനുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും അദ്ദേഹം ഉന്നയിച്ച ആശങ്കകളോട് യോജിക്കുന്നുവെന്നായിരുന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ നിലപാട്. തണ്ണീർത്തട നിയമം സംരക്ഷിക്കപ്പെടണമെന്നും ബിൽ ത്രിതല സമിതികളുടെ അധികാരം ഇല്ലാതാക്കുമെന്നും അദ്ദേഹം ആരോപിച്ചു. തദ്ദേശസ്ഥാപനങ്ങളുടെ അധികാരവികേന്ദ്രീകരണം കവർന്നെടുക്കുന്ന ജനവിരുദ്ധ ബില്ലാണിതെന്നും പിണറായി വിമർശിച്ചു.

സാധാരണ പൗരന് സിവിൽ കോടതിയെപ്പോലും സമീപിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകുമെന്നും പഴയ അടിയന്തരാവസ്ഥയ്ക്ക് സമാനമായ നിയമമാണിതെന്നും അദ്ദേഹം പറഞ്ഞു. രഹസ്യ അജണ്ടകളിലൂടെ ബിൽ നടപ്പാക്കാനാണ് ശ്രമമെന്നും ഇത് വലിയ സാമൂഹിക-പാരിസ്ഥിതിക ആഘാതങ്ങൾക്ക് കാരണമാകുമെന്നും പിണറായി മുന്നറിയിപ്പ് നൽകി. കേരളത്തിന്റെ വിവിധ മേഖലകളെ ബാധിക്കുന്ന നടപടികളുടെ തുടർച്ചയായാണ് ഇപ്പോൾ തണ്ണീർത്തടങ്ങളെയും നെൽപ്രദേശങ്ങളെയും ബാധിക്കുന്ന വിഷയം ഉയർന്നുവന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിൽ നടപ്പായാൽ നെൽവയലുകൾ പലതും നെൽവയലുകളല്ലാതാകുമെന്നും പിണറായി ആരോപിച്ചു.

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026