മലപ്പുറം: എസ്എഫ്ഐ നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതിയിൽ എട്ട് എംഎസ്എഫ് പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ് എടുത്തു. കാലിക്കറ്റ് യൂണിവേഴ്സിറ്റി സിഎസ്യു തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിൽ പരിക്കേറ്റ എസ്എഫ്ഐ പ്രവർത്തകരെ സന്ദർശിക്കാനെത്തിയപ്പോഴായിരുന്നു നേതാക്കൾക്ക് നേരെ ആക്രമണമുണ്ടായത്. എസ്എഫ്ഐ മലപ്പുറം ജില്ലാ സെക്രട്ടറി എൻ ആദിൽ, പ്രസിഡന്റ് സജിൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് തടിക്കഷ്ണങ്ങളും കമ്പി വടികളുമായി ആക്രമികൾ ഇരച്ചെത്തുന്നതിന്റെ ദൃശ്യങ്ങൾ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് നേരത്തെ പങ്കുവെച്ചിരുന്നു. ഫയർ എസ്റ്റിഗ്യുഷർ അടക്കം ഉപയോഗിച്ച് ഇവർ ആക്രമണം നടത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
അതേസമയം പ്രതികൾക്കെതിരെ വധശ്രമം, അപകടകരമായ ആയുധങ്ങൾ ഉപയോഗിച്ച് ഗുരുതര പരിക്കേൽപ്പിക്കൽ, മാരകായുധങ്ങളുമായുള്ള ആക്രമണം, സംഘർഷവും കലാപവും, നിയമവിരുദ്ധമായി സംഘം ചേരൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്നാണ് ആരോപണം. ആക്രമണത്തിൽ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും ഇടതുകൈത്തണ്ടയ്ക്കും തലയ്ക്കും പരുക്കേറ്റതായും ജില്ലാ പ്രസിഡന്റിന് ഇടത് കണ്ണിന് താഴെയും ഇടത് കൈത്തണ്ടയിലും പരിക്കേറ്റതായും എഫ്ഐആറിൽ പറയുന്നു.
കൂടാതെ ആക്രമണം തടയാൻ ശ്രമിച്ച ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന അഫിലിനും ജിവിനും മർദ്ദനമേറ്റതായും പരാതിയിലുണ്ട്. അതേസമയം എസ്എഫ്ഐ ആക്രമണം നടത്തിയെന്നാണ് എംഎസ്എഫിന്റെ ആരോപണം. ആശുപത്രി അധികൃതർ നൽകിയ പരാതിയിലും തേഞ്ഞിപ്പലം പോലീസ് കേസെടുത്തിട്ടുണ്ട്. ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്. ആശുപത്രി ഉപകരണങ്ങൾ നശിപ്പിച്ചു, കാഷ്വാലിറ്റിയിൽ ചികിത്സയിൽ ഉണ്ടായിരുന്ന യുവാക്കളെ മാരകായുധങ്ങൾ ഉപയോഗിച്ച് അക്രമിച്ചു എന്നതിലടക്കമാണ് കേസ്. ആരോഗ്യ പ്രവർത്തകരെ അക്രമിക്കൽ, സംഘം ചേർന്ന് ലഹളയുണ്ടാക്കൽ, ഭീഷണിപ്പെടുത്തൽ, മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കൽ, ആശുപത്രി ഉപകരണങ്ങൾ നശിപ്പിക്കൽ എന്നി വകുപ്പുകൾ ചേർത്താണ് കേസ് എടുത്തിരിക്കുന്നത്. അതിനിടെ കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലെ ആക്രമണത്തിൽ അന്വേഷണത്തിന് സർവ്വകലാശാല ഉന്നതതല സമിതിയെ നിയോഗിച്ചു. നാലംഗ സമിതിയാണ് അന്വേഷണം നടത്തുന്നത്. ഒരാഴ്ചയ്ക്കകം വിസിക്ക് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.