ആലപ്പുഴ: ഹരിപ്പാട് പ്ലസ് വൺ വിദ്യാർഥിയെ സഹപാഠികൾ കൂട്ടത്തോടെ മർദിച്ചതിനു പിന്നിൽ പ്രണയം നിരസിച്ചതിനെ തുടർന്നുള്ള ക്വട്ടേഷനെന്ന് ആരോപണം. പ്ലസ് വൺ വിദ്യാർഥിനിയാണ് ക്വട്ടേഷൻ നൽകിയതെന്നാണ് മർദനമേറ്റ വിദ്യാർഥിയുടെ അമ്മ ആരോപിക്കുന്നത്. ക്വട്ടേഷൻ ഏറ്റെടുത്ത പത്തൊൻപതുകാരന്റെ നിർദേശപ്രകാരമാണ് സ്കൂളിലെ 16 വിദ്യാർഥികൾ ചേർന്ന് മര്‍ദിച്ചതെന്നാണ് ആരോപണം. ‘‘കഴിഞ്ഞ 15 ാം തീയതി എന്റെ മകനെ അവന്റെ സ്കൂളിൽ തന്നെ പഠിക്കുന്ന ഒരുപറ്റം വിദ്യാർഥികൾ ചേർന്ന് ഒരു ക്ലാസ്മുറിയിൽ കയറ്റി മാരകമായി പരുക്കേൽപ്പിച്ചു.
മകന്റെ കൂടെ തന്നെ പഠിക്കുന്ന ഒരു പെൺകുട്ടിയും 19 കാരനും നൽകിയ ക്വട്ടേഷന്റെ അടിസ്ഥാനത്തിലാണ് മകനെ മർദിച്ചത്. ആ പെൺകുട്ടിക്ക് മകനോട് ക്രഷ് ഉണ്ടായിരുന്നു. മകൻ അത് നിരസിച്ചതിനെ തുടർന്നാണ് ഈ ക്വട്ടേഷൻ. എന്റെ മകന് മാരകമായി പരുക്കേറ്റു. തലയ്ക്കും മുഖത്തും പുറത്തുമാണ് എറ്റവും കൂടുതൽ പരുക്കേറ്റത്’’– പരുക്കേറ്റ വിദ്യാർഥിയുടെ മാതാവ് പറഞ്ഞു. മർദിച്ചവരെ സ്കൂളിൽനിന്ന് ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തു.
എന്തിനാണ് വിദ്യാർഥിയെ മർദിച്ചതെന്ന് അന്ന് സഹപാഠികൾ പറഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസമാണ് മർദന സംഘത്തിൽനിന്നുള്ള ഒരു വിദ്യാർഥിയിൽനിന്ന് ഞെട്ടിക്കുന്ന വിവരങ്ങൾ പതിനേഴുകാരന്റെ മാതാപിതാക്കൾക്ക് ലഭിച്ചത്.