കൊച്ചി: ഫോര്‍ട്ട് കൊച്ചി നിറയെ മുസ്‌ലിംകളാണെന്നും കേരളം അപകടത്തിലാണെന്നും കേന്ദ്രം ഉടന്‍ ഇടപെടണമെന്നും പറഞ്ഞ് ഭിന്നിപ്പിന് ശ്രമിച്ച ഹിന്ദുത്വവാദി യൂട്യൂബര്‍ അമൃത് സിങ്ങിന്റെ വംശീയ വിദ്വേഷം നിറഞ്ഞ എല്ലാ പോസ്റ്റുകള്‍ക്കും ദിയാ കൃഷ്ണയുടെ ‘ലൈക്ക്’. ചില പോസ്റ്റുകളില്‍ ദിയ കമന്റ് ചെയ്തിട്ടുമുണ്ട്. കേരളത്തെ ഭിന്നിപ്പിക്കുകയും മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷമുണ്ടാക്കുകയും ലക്ഷ്യമിട്ടുള്ള അമൃത് സിങ്ങിന്റെ കൊച്ചിയിലെ വീഡിയോക്ക് ‘സാഡ് റിയാലിറ്റി’ എന്ന് കമന്റിട്ട് ദിയാ കൃഷ്ണ രൂക്ഷ വിമര്‍ശനം എറ്റുവാങ്ങിയിരുന്നു. തനിക്ക് തെറ്റ് പറ്റിയതാണെന്ന് ഇതിന് പിന്നാലെ ദിയ വിശദീകരിച്ചിരുന്നു.
എന്നാല്‍, അമൃത് സിങ്ങിന്റെ കൊച്ചി വീഡിയോയേക്കാള്‍ വിദ്വേഷം നിറഞ്ഞ പോസ്റ്റുകളെ നിരന്തരം പിന്തുണച്ചിരിക്കുകയാണ് ദിയ.റിയാലിറ്റി ഷോ ആയ ‘ബിഗ് ബോസ്’ ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുയാണെന്നാണ് അമൃത് സിങ് തന്റെ ‘ലിറ്റി ചോക്ക’ എന്ന ഇന്‍സ്റ്റഗ്രാം പേജിലെ ഒരു പോസ്റ്റില്‍ പറഞ്ഞത്. നിറയെ മുസ്‌ലിം ആണ്‍കുട്ടികളെ ഷോയില്‍ പങ്കെടുപ്പിക്കുകയാണെന്നും ഷോ എത്രയും വേഗം നിര്‍ത്തണമെന്നും ഇയാള്‍ ആവശ്യപ്പെടുന്നു. ഈ പോസ്റ്റില്‍ ദിയാ കൃഷ്ണ ലൈക്കടിച്ചിട്ടുണ്ട്. ‘ലവ് ജിഹാദു’മായി ബന്ധപ്പെട്ട നിരവധി പോസ്റ്റുകളില്‍ ലൈക്കുണ്ട്.രാഹുല്‍ ഗാന്ധിയെ കൊല്ലണമെന്ന് ആഹ്വാനം ചെയ്യുന്ന പോസ്റ്റിനും ദിയയുടെ ലൈക്കുണ്ട്. ‘രാഹുല്‍ ഗാന്ധിക്ക് ഒരു ഗോഡ്‌സെയെ ആവശ്യമുണ്ട്’ എന്നാണ് പോസ്റ്റ്. ‘മുഹമ്മദ് രാഹുല്‍ ഫിറോസ് ഗാന്ധി’ എന്നാണ് രാഹുല്‍ ഗാന്ധിയെ വിളിച്ചിരിക്കുന്നത്.
സൗരവ് ദാസിന്റെ അച്ഛന്‍ ബംഗ്ലാദേശി മുസ്‌ലിമാണെന്ന പോസ്റ്റിലും ദിയയുടെ ലൈക്ക്. സിജെപി സമരത്തെ തകര്‍ക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ പോസ്റ്റ്. ഫ്രാന്‍സില്‍ കലാപമുണ്ടാക്കുന്നത് മുസ്‌ലിംകളാണെന്ന പോസ്റ്റ് ലൈക്ക് ചെയ്തതിനൊപ്പം ‘സാഡ്’ ഇമോജി കമന്റ് ചെയ്തിട്ടുമുണ്ട്. ഫലസ്തീന്‍ കൊടി സമരത്തില്‍ ഉപയോഗിക്കുന്നത് തീവ്രവാദമാണെന്ന പോസ്റ്റിനും ലൈക്കുണ്ട്.എംഎസ്എഫിന്റെ കൊടിയെ ഇസ്‌ലാമിക് കൊടിയാക്കി ചിത്രീകരിച്ചുള്ള പോസ്റ്റ് അമൃത് സിങ് ഇട്ടിരുന്നു. ഇതും ദിയാ കൃഷ്ണ ലൈക്ക് ചെയ്തു. ധ്രുവ് റാഠി ഒരു ജിഹാദിയാണെന്ന പോസ്റ്റിനും ലൈക്കുണ്ട്. ഇത്തരത്തില്‍ മുസ്‌ലിം വിദ്വേഷം നിറഞ്ഞ ഒട്ടുമിക്ക പോസ്റ്റുകളിലും ദിയയുടെ ലൈക്കുണ്ട്.