കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ നടപടികളെടുക്കുന്നുതിലുണ്ടായ വീഴ്ചകളെത്തുടർന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണറുടെ സ്ഥാനം തെറിച്ചു. കാളിരാജ് മഹേഷ് കുമാറിനെ മാറ്റി പകരം നിലവിൽ ദക്ഷിണ മേഖല ഐജിയായ ആർ. നിശാന്തിനിയെ പുതിയ കൊച്ചി സിറ്റി പോലീസ് കമ്മീഷണറായി നിയമിക്കുമെന്നാണ് സൂചന. അതോടൊപ്പം പി. പ്രകാശിനെ പുതിയ ദക്ഷിണ മേഖല ഐജിയായും നിയമിച്ചേക്കും. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് വൈകീട്ടോടെ പുറത്തിറങ്ങുമെന്നാണ് അറിയുന്നത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നിർദേശപ്രകാരമാണ് നടപടിയുണ്ടായത്.
അതേസമയം ചേരാനല്ലൂർ അപകടവുമായി ബന്ധപ്പെട്ട് പോലീസ് തലത്തിലുണ്ടായ ഗുരുതര വീഴ്ചകളുണ്ടായെന്നു കണ്ടെത്തിയിരുന്നു. സംഭവം അന്വേഷിക്കാൻ എ.ഡി.ജി.പി. പി. വിജയൻ നേരിട്ടെത്തി നടത്തിയ പരിശോധനയ്ക്കു ശേഷം ചേരാനല്ലൂർ പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ., എസ്.ഐ., സി.ഐ. അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരേ നേരത്തേ നടപടി സ്വീകരിച്ചിരുന്നു. എന്നാൽ ഉയർന്ന ഉദ്യോഗസ്ഥർക്കെതിരേ നടപടിയുണ്ടാകാത്തതിൽ പോലീസുകാർക്കിടയിൽ എതിർപ്പും അസ്വാരസ്യങ്ങളും നിലനിന്നിരുന്നു. മാത്രമല്ല ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച ആഭ്യന്തര വകുപ്പിന് വലിയ നാണക്കേടും രാഷ്ട്രീയ പ്രതിസന്ധിയും സൃഷ്ടിച്ചിരുന്നു. ഉയർന്ന ഉദ്യോഗസ്ഥ തലത്തിലുണ്ടായ സൂപ്പർവൈസറി വീഴ്ചകൾകൂടി കണക്കിലെടുത്താണ് സിറ്റി പോലീസ് കമ്മിഷണറെ ഉൾപ്പെടെ മാറ്റിക്കൊണ്ട് ഉന്നതതലത്തിൽ അഴിച്ചുപണി നടത്താൻ തീരുമാനിച്ചത്.
ചേരാനല്ലൂരിൽ കഴിഞ്ഞ ഞായറാഴ്ചയാണ് ജഡ്ജിയുടെ മകനായ 17 കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരനായ ജയബാലകൃഷ്ണൻ മരിച്ചത്. അർധരാത്രി രണ്ടരയോടെയാണ് അപകടമുണ്ടായത്. വിദ്യാർഥി സ്ഥിരമായി ബൈക്ക് ഓടിക്കാറുണ്ടെന്നും ഫ്‌ളാറ്റിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥന്റെ മൊഴിയുണ്ട്. ഇതടക്കമുള്ള സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. സംഭവത്തിൽ പ്രായപൂർത്തിയാവാത്ത മകന് വാഹനമോടിക്കാൻ കൊടുത്തതിന് പിതാവായ അഡീഷണൽ സെഷൻസ് ജഡ്ജിക്കെതിരെയും കേസെടുത്തിരുന്നു. അതേസമയം സസ്പെൻഷനു മുന്നോടിയായുള്ള കാരണം കാണിക്കൽ നോട്ടീസ് ഇന്ന് ജഡ്ജിക്കു കൈമാറുമെന്നാണ് അറിയുന്നത്.