BREAKING NEWS

‘ആ ബലാത്സംഗം വളരെ ക്രൂരമായിരുന്നു… മുറിയിലെത്തിയപ്പോൾ ട്രംപ് പിന്നിൽനിന്ന് പിടിച്ച് ബലമായി ബലാത്സംഗം ചെയ്തു, വസ്ത്രം കീറി, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്തസ്രാവവും ചതവുകളും ഉണ്ടായി… ആക്രമണത്തിന് ശേഷം കട്ടിലിന്റെ അരികിൽ ഇരുത്തി വിസയും NYU പ്രവേശനവും ശരിയാക്കിത്തരാമെന്ന വാഗ്ദാനങ്ങൾ ആവർത്തിച്ചു’… ട്രംപിനെതിരെ ആരോപണവുമായി മുൻ മിസ് സ്വിറ്റ്സർലൻഡ്

· · 1 min read
Share: Copied!

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ബലാത്സംഗ ആരോപണവുമായി മുൻ മിസ് സ്വിറ്റ്സർലൻഡ് ബിയാട്രിസ് ക്യൂൽ. 1993 നവംബറിൽ ട്രംപ് തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് നേരത്തെ ആരോപിച്ചിരുന്ന മോഡലായ ക്യൂൽ, അന്ന് ട്രംപ് തന്നെ ബലാത്സംഗം ചെയ്തതായും ആരോപിച്ചുവെന്നാണ് ഡെമോക്രാറ്റിക് പാർട്ടി തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉൾപ്പെടുത്തി ലൈംഗിക കടത്ത് നടത്തിയെന്ന കേസിൽ ശിക്ഷിക്കപ്പെട്ട ജെഫ്രി എപ്സ്റ്റീനുമായുള്ള ട്രംപിന്റെ ബന്ധത്തെക്കുറിച്ചുള്ള അന്വേഷണ വിവരങ്ങളും റിപ്പോർട്ടിലുണ്ട്.

എന്നാൽ റിപ്പോർട്ടിൽ പരാമർശിച്ച ആരോപണങ്ങൾ വൈറ്റ് ഹൗസ് നിഷേധിച്ചു. റിപ്പബ്ലിക്കൻ പാർട്ടിക്കും പ്രസിഡന്റ് ട്രംപിനും ലഭിക്കുന്ന പിന്തുണയിൽനിന്ന് അമേരിക്കക്കാരുടെ ശ്രദ്ധ തിരിക്കാനുള്ള ഡെമോക്രാറ്റുകളുടെ തീവ്രശ്രമമാണിതെന്ന് വൈറ്റ് ഹൗസ് വക്താവ് ആരോപിച്ചു. ട്രംപിന്റെ ചരിത്രപരമായ നേട്ടങ്ങൾ റിപ്പബ്ലിക്കൻ പാർട്ടിക്ക് വലിയ മുന്നേറ്റം നൽകുന്ന സാഹചര്യത്തിലാണ് ഇത്തരം ആരോപണങ്ങളുമായി ഡെമോക്രാറ്റുകൾ രംഗത്തെത്തിയതെന്നും വക്താവ് പ്രതികരിച്ചു.

53 പേജുള്ള റിപ്പോർട്ടിലെ ആരോപണങ്ങൾ

അമേരിക്കൻ ജനപ്രതിനിധിസഭയിലെ ജുഡീഷ്യറി കമ്മിറ്റിയിലുള്ള ഡെമോക്രാറ്റുകളാണ് 53 പേജുള്ള റിപ്പോർട്ട് തയ്യാറാക്കിയത്. എപ്സ്റ്റീനുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന ട്രംപിനെതിരെ നേരത്തേ ഉയർന്ന ലൈംഗിക ദുരുപയോഗ ആരോപണങ്ങളും റിപ്പോർട്ടിലൂടെ വീണ്ടും ചർച്ചയാകുകയാണ്. പ്രായപൂർത്തിയാകാത്തവരെ ഉൾപ്പെടുത്തി ലൈംഗിക കടത്ത് നടത്തിയെന്ന കുറ്റത്തിന് വിചാരണ നേരിടുന്നതിനിടെ 2019ൽ ഫെഡറൽ കസ്റ്റഡിയിൽ മരിച്ച എപ്സ്റ്റീന്റെ മരണം ആത്മഹത്യയാണെന്നാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്.

അതുപോലെ ഡെമോക്രാറ്റുകളുമായി ക്യൂൽ നടത്തിയ അഭിമുഖങ്ങളുടെ വിശദാംശങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 1993ൽ ട്രംപ് തന്നെ ക്രൂരമായി ബലാത്സംഗം ചെയ്തെന്നാണ് ക്യൂൽ ആരോപിച്ചതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. അറ്റ്‌ലാന്റിക് സിറ്റിയിലെ ട്രംപിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന പ്ലാസ ഹോട്ടലിലെ മുറിയിലായിരുന്നു സംഭവം നടന്നതെന്നാണ് ആരോപണം. അതിന് മുമ്പ് ക്യൂലും എപ്സ്റ്റീനും ട്രംപും ഒരുമിച്ച് സമയം ചെലവഴിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.

ന്യൂയോർക്കിലെ പ്ലാസ ഹോട്ടലിൽ നടന്ന സൗന്ദര്യമത്സര പരിപാടിക്കിടെയാണ് ട്രംപിനെ ആദ്യമായി കണ്ടതെന്നാണ് ക്യൂൽ പറയുന്നത്. അന്ന് 24 വയസായിരുന്നു ഇവരുടെ പ്രായം. ആ സമയത്ത് പ്ലാസ ഹോട്ടൽ ട്രംപിന്റെ ഉടമസ്ഥതയിലായിരുന്നു. തനിക്ക് വിസ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യാമെന്നും ന്യൂയോർക്ക് സർവകലാശാലയിൽ (എൻവൈയു) പ്രവേശനം ഉറപ്പാക്കാൻ സഹായിക്കാമെന്നും ട്രംപ് വാഗ്ദാനം ചെയ്തിരുന്നതായി ക്യൂൽ ആരോപിച്ചു. ഞാൻ നിന്നെ നോക്കിക്കൊള്ളാം എന്ന് ട്രംപ് പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.

തുടർന്ന് ട്രംപ് സംഭാഷണത്തിൽനിന്ന് മാറിയപ്പോൾ എപ്സ്റ്റീൻ ക്യൂലിനെ സമീപിച്ചുവെന്നാണ് ആരോപണം. താൻ ഡോണിന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്ന് പരിചയപ്പെടുത്തിയ എപ്സ്റ്റീൻ, ഫ്ലോറിഡയിലെ ട്രംപിന്റെ മാർ-എ-ലാഗോ വസതിയിൽ നടക്കുന്ന പാർട്ടിയിലേക്ക് ക്യൂലിനെ ക്ഷണിച്ചതായും റിപ്പോർട്ടിലുണ്ട്.

പിന്നീട് ട്രംപിന്റെ ഒരു പ്രതിനിധി ക്യൂലിനെ പ്ലാസ ഹോട്ടലിന്റെ മുകളിലത്തെ നിലയിൽ ട്രംപിനെ കാണാൻ ക്ഷണിച്ചതായും റിപ്പോർട്ട് ആരോപിക്കുന്നു. അവിടെയെത്തിയപ്പോൾ ട്രംപ് പിന്നിൽനിന്ന് പിടിച്ച് ബലമായി ബലാത്സംഗം ചെയ്തെന്നാണ് ക്യൂലിന്റെ മൊഴിയെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിനിടെ വസ്ത്രം കീറുകയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്തസ്രാവവും ചതവുകളും ഉണ്ടാകുകയും ചെയ്തതായും ആരോപണമുണ്ട്.

ബലാത്സംഗം ക്രൂരമായിരുന്നുവെന്നാണ് ക്യൂൽ വിശേഷിപ്പിച്ചതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. സംഭവത്തിനുശേഷം ട്രംപ് തന്നെ കിടക്കയുടെ അരികിലിരുത്തുകയും വിസയും ന്യൂയോർക്ക് സർവകലാശാലയിലെ പ്രവേശനവും ഉറപ്പാക്കാമെന്ന വാഗ്ദാനങ്ങൾ ആവർത്തിക്കുകയും ചെയ്തതായി ക്യൂൽ ആരോപിച്ചു. സംഭവത്തെക്കുറിച്ച് പുറത്തുപറയില്ലെന്ന് ഉറപ്പുനൽകാൻ ട്രംപ് ആവശ്യപ്പെട്ടതായും ‘ഷോ തുടരേണ്ടതുണ്ട്’ എന്ന് പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.

“മുറിയിലേക്ക് കടന്നപ്പോൾ, ട്രംപ് പിന്നിൽ നിന്ന് കടന്നുപിടിക്കുകയും ബലമായി ബലാത്സംഗം ചെയ്യുകയും ചെയ്തു. ഈ ആക്രമണത്തിനിടെ വസ്ത്രം കീറുകയും, ശരീരത്തിന്റെ പല ഭാഗങ്ങളിലും മുറിവുകളും ചതവുകളും ഉണ്ടാവുകയും ചെയ്തു,” എന്ന് റിപ്പോർട്ടിൽ ആരോപിക്കുന്നു.

റിപ്പോർട്ട് അനുസരിച്ച്, “ആ ബലാത്സംഗം വളരെ ‘ക്രൂരമായിരുന്നു’ എന്ന് ക്യൂൽ വിവരിച്ചു. ആക്രമണത്തിന് ശേഷം, ട്രംപ് അവളെ കട്ടിലിന്റെ അരികിൽ ഇരുത്തുകയും, വിസയും NYU പ്രവേശനവും ശരിയാക്കിത്തരാമെന്ന വാഗ്ദാനങ്ങൾ ആവർത്തിക്കുകയും ചെയ്തു. കൂടാതെ, ‘ഷോ തുടർന്നുപോകണം’ (the show must go on) എന്ന് പറഞ്ഞ്,ഇക്കാര്യം പുറത്തുപറയരുതെന്ന് അവളിൽ നിന്ന് ഉറപ്പ് വാങ്ങുകയും ചെയ്തു.”

അതേസമയം ഇവയെല്ലാം റിപ്പോർട്ടിൽ ഉന്നയിച്ച ആരോപണങ്ങളാണ്. ആരോപണങ്ങൾ സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടതായി റിപ്പോർട്ട് വ്യക്തമാക്കുന്നില്ല. ട്രംപ് ഈ ആരോപണങ്ങൾ നിഷേധിക്കുന്ന നിലപാടിലാണെടുത്തത്.

എപ്സ്റ്റീനുമായുള്ള ബന്ധം വീണ്ടും ചർച്ചയിൽ

എപ്സ്റ്റീനുമായുള്ള സൗഹൃദം കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള സംശയങ്ങൾ ഉയരുന്നതിന് വളരെ മുമ്പുതന്നെ അവസാനിപ്പിച്ചിരുന്നുവെന്നാണ് ട്രംപ് ദീർഘകാലമായി അവകാശപ്പെടുന്നത്. എപ്സ്റ്റീനുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിടുന്നതിനെതിരെ ട്രംപ് മാസങ്ങളോളം നിലപാടെടുത്തിരുന്നുവെന്നാണ് റിപ്പോർട്ട് പറയുന്നത്. എന്നാൽ രേഖകൾ പ്രസിദ്ധീകരിക്കണമെന്ന് നിർദേശിക്കുന്ന കോൺഗ്രസ് പാസാക്കിയ നിയമത്തിൽ ഒടുവിൽ അദ്ദേഹം ഒപ്പുവച്ചു. ‘എപ്സ്റ്റീൻ ഫയൽസ്’ എന്നറിയപ്പെടുന്ന രേഖകളിൽ ട്രംപിന്റെ പേര് പലതവണ പരാമർശിക്കപ്പെടുന്നുണ്ട്. എന്നാൽ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ട്രംപിന്റെ നിലപാട്. എപ്സ്റ്റീൻ വിഷയവുമായി ബന്ധപ്പെട്ട് ട്രംപിനെതിരെ ക്രിമിനൽ കുറ്റം ചുമത്തിയിട്ടില്ല.

അതേസമയം ക്യൂലിന്റെ വെളിപ്പെടുത്തൽ ട്രംപിനെതിരെ നേരത്തേ പരസ്യമായി ഉയർന്നിട്ടുള്ള ലൈംഗികാതിക്രമ ആരോപണങ്ങളുമായി പൊരുത്തപ്പെടുന്നതാണെന്ന് ഡെമോക്രാറ്റുകൾ അവകാശപ്പെട്ടു. അമേരിക്കയിലെ കുപ്രസിദ്ധ ലൈംഗിക കുറ്റവാളികളിലൊരാളായ എപ്സ്റ്റീനുമായുള്ള സൗഹൃദകാലത്ത് ട്രംപ് പിന്തുടർന്നിരുന്ന പെരുമാറ്റത്തിന്റെ തുടർച്ചയായാണ് പുതിയ ആരോപണത്തെയും അവർ വിശേഷിപ്പിച്ചത്.

ജനപ്രതിനിധിസഭയുടെ ജുഡീഷ്യറി കമ്മിറ്റിയിലെ മുതിർന്ന ഡെമോക്രാറ്റ് അംഗമായ ജാമി റാസ്കിൻ, പ്രസിഡന്റിനെ സംരക്ഷിക്കുന്നതിനായി നീതിന്യായ വകുപ്പ് കുറ്റകൃത്യങ്ങൾ മറച്ചുവയ്ക്കുകയാണെന്ന് ആരോപിച്ചു. എപ്സ്റ്റീന്റെ സാന്നിധ്യത്തിലോ അയാളുമായി ബന്ധപ്പെട്ട സാഹചര്യങ്ങളിലോ ട്രംപ് ബലാത്സംഗമോ ലൈംഗികാതിക്രമമോ നടത്തിയെന്ന് അഞ്ച് സ്ത്രീകൾ നേരിട്ട് ആരോപിച്ചിട്ടുണ്ടെന്നാണ് റാസ്കിൻ പറഞ്ഞത്.

ട്രംപിന് എപ്സ്റ്റീനുമായുള്ള ബന്ധം അന്വേഷിക്കാൻ സ്വതന്ത്ര പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് ഡെമോക്രാറ്റുകൾ അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചിനോട് ആവശ്യപ്പെട്ടു. ട്രംപിനെ സംരക്ഷിക്കുന്നതിനു പകരം നീതി ഉറപ്പാക്കുകയാണ് നീതിന്യായ വകുപ്പും എഫ്ബിഐയും ചെയ്യേണ്ടതെന്നും ഇവരുടെ പ്രവർത്തനങ്ങൾ സ്വതന്ത്ര അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കേണ്ട സാഹചര്യം സൃഷ്ടിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

പ്രസിഡന്റിനെ മാത്രമല്ല, എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളിൽ പങ്കാളികളായിരിക്കാവുന്നവരെയും ഗൂഢാലോചനയിൽ പങ്കെടുത്തിരിക്കാവുന്നവരെയും അന്വേഷിക്കണമെന്നും ഡെമോക്രാറ്റുകൾ ആവശ്യപ്പെട്ടു. എന്നാൽ ട്രംപിന്റെ മുൻ വ്യക്തിഗത അഭിഭാഷകനായിരുന്ന ടോഡ് ബ്ലാഞ്ചിന്റെ നേതൃത്വത്തിലുള്ള നീതിന്യായ വകുപ്പ് ഇത്തരമൊരു നടപടിക്ക് തയ്യാറാകാൻ സാധ്യതയില്ലെന്ന് ഡെമോക്രാറ്റുകൾ തന്നെ റിപ്പോർട്ടിൽ സമ്മതിക്കുന്നുണ്ട്.

പ്രസിഡന്റിനെ ഏത് വിധേനയും സംരക്ഷിക്കാൻ ശ്രമിക്കുന്ന നീതിന്യായ വകുപ്പ് ഇപ്പോൾ എപ്സ്റ്റീന്റെ ലൈംഗിക കടത്ത് ശൃംഖലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മറച്ചുവയ്ക്കുന്നതിന് നേതൃത്വം നൽകുകയാണെന്നും അവർ ആരോപിച്ചു. ട്രംപിന്റെ വ്യക്തിഗത അഭിഭാഷകനായിരുന്ന ബ്ലാഞ്ച് ഇപ്പോൾ അദ്ദേഹത്തിന്റെ വ്യക്തിഗത അറ്റോർണി ജനറലായി മാറിയിരിക്കുകയാണെന്ന പരിഹാസവും റിപ്പോർട്ടിലുണ്ട്.

അതേസമയം നവംബർ മൂന്നിന് നടക്കാനിരിക്കുന്ന അമേരിക്കൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നിയന്ത്രണം ഏത് പാർട്ടിക്ക് ലഭിക്കുമെന്നത് നിർണായകമാകും. തിരഞ്ഞെടുപ്പിന് മുന്നോടിയായി എപ്സ്റ്റീനുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉയർത്തിക്കാട്ടുന്ന പരസ്യങ്ങൾക്കായി ഡെമോക്രാറ്റുകൾ 3.5 കോടി ഡോളറിലധികം ചെലവഴിച്ചതായും റിപ്പോർട്ടുകളുണ്ട്.

ചുറ്റും വലവിരിച്ചു, ഇനി എങ്ങോട്ട് രക്ഷപ്പെടാൻ… എൻകൗണ്ടർ ചെയ്താലോയെന്ന് ഭയന്നു, ആദ്യം പിടിയിലായ പ്രവീൺ സ്വയം തിരിച്ചുവന്നത്!! നാലുപേർ പിടിയിൽ… പ്രതികൾ രക്ഷപ്പെട്ടത് ഉദ്യോ​ഗസ്ഥന്റെ സ്വർണമാല മോഷ്ടിച്ച ശേഷം, ജയിൽ വാർഡനടക്കം 10 പേർക്ക് സസ്പെൻഷൻ, ബാക്കി 13 പേരെ പിടികൂടാൻ 17 പ്രത്യേക അന്വേഷണ സംഘം, അയൽജില്ലകളിലെ 16 കേന്ദ്രങ്ങളിൽ ചെക്ക്‌പോസ്റ്റുകൾ സ്ഥാപിച്ചു

BREAKING NEWS
വകുപ്പ് നല്ലതാവാതെ മന്ത്രി വെളുത്ത് സുന്ദരനായിട്ട് എന്താണ് കാര്യമുള്ളത്? ചെന്നിത്തല വളരെ നല്ല ആളാണ്, മഹാനാണ്, പക്ഷെ അദ്ദേഹത്തിന്റെ വകുപ്പ് വളരെ മോശം... ആഭ്യന്തരവകുപ്പ് എല്ലാക്കാലത്തും കുഴപ്പമാണ്, പോലീസുകാരെ നിയന്ത്രിക്കണം... പോലീസിൽ കൂടുതൽ സ്ത്രീകളെ കൊണ്ടുവരണം- ജി. സുധാകരൻ എംഎൽഎ
27 Oct 2026
BREAKING NEWS
‘മുട്ടയ്ക്കൊപ്പം ചെമ്പരത്തിമൊട്ടില്ലാതെ ഞാൻ കഴിക്കത്തില്ല’; സൗന്ദര്യചികിത്സാ വിവാദത്തിൽ പരിഹാസ വീഡിയോയുമായി ശോഭന ജോർജ്
27 Oct 2026
BREAKING NEWS
ചുറ്റും വലവിരിച്ചു, ഇനി എങ്ങോട്ട് രക്ഷപ്പെടാൻ... എൻകൗണ്ടർ ചെയ്താലോയെന്ന് ഭയന്നു, ആദ്യം പിടിയിലായ പ്രവീൺ സ്വയം തിരിച്ചുവന്നത്!! നാലുപേർ പിടിയിൽ... പ്രതികൾ രക്ഷപ്പെട്ടത് ഉദ്യോ​ഗസ്ഥന്റെ സ്വർണമാല മോഷ്ടിച്ച ശേഷം, ജയിൽ വാർഡനടക്കം 10 പേർക്ക് സസ്പെൻഷൻ, ബാക്കി 13 പേരെ പിടികൂടാൻ 17 പ്രത്യേക അന്വേഷണ സംഘം, അ...
27 Oct 2026
BREAKING NEWS
കവറ് നിറയെ കാറ്റ്!! അഞ്ച് രൂപയുടെ 15 ഗ്രാം ലേസ് പാക്കറ്റിൽ 4 ഗ്രാം ചിപ്സ് മാത്രം! നിർമാതാക്കളായ പെപ്‌സികോയ്ക്ക് 8,000 രൂപ പിഴ; ഒരു മാസത്തിനകം തുക നൽകിയില്ലെങ്കിൽ 8,000 രൂപയ്ക്ക് ആറു ശതമാനം വാർഷിക പലിശയും നൽകേണ്ടിവരുമെന്ന് കോടതി
27 Oct 2026