തേനി: തമിഴ്നാട്ടിൽ ജയിലുദ്യോഗസ്ഥരെ ആക്രമിച്ച് ജയിൽചാടിയ 17 റിമാൻഡ് തടവുകാരിൽ നാലുപേരെ പോലീസ് പിടികൂടി. തേനി ജില്ലയിലെ തേക്കമ്പട്ടി സബ് ജയിലിൽ തിങ്കളാഴ്ച രാത്രി ആയിരുന്നു സംഭവം. അപസ്മാരം ബാധിച്ചതായി വ്യാജമായി അറിയിച്ച് ജയിലുദ്യോഗസ്ഥരെ സെല്ലിലേക്ക് വിളിച്ചുവരുത്തി ആക്രമിച്ചശേഷമാണ് തടവുകാർ രക്ഷപ്പെട്ടതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. രക്ഷപ്പെട്ടവരിൽ 13 പേർ ഇപ്പോഴും ഒളിവിലാണ്. ഇവരെ കണ്ടെത്തുന്നതിനായി തമിഴ്നാട്ടിലുടനീളം പോലീസ് തിരച്ചിൽ ശക്തമാക്കി.
ആദ്യം പിടിയിലായ പ്രതി പ്രവീൺ കുമാറാണ്. ചൊവ്വാഴ്ച പുലർച്ചെ നടത്തിയ തിരച്ചിലിൽ തേനി സ്വദേശിയായ ശിലംബരശൻ, മധുര സ്വദേശികളായ രാജ സിക്കന്ദർ, രാജ്കുമാർ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു. പ്രാഥമിക അന്വേഷണ വിവരങ്ങൾ പ്രകാരം, രക്ഷപ്പെട്ട 17 പ്രതികളും ഒരേ സെല്ലിലായിരുന്നു കഴിഞ്ഞിരുന്നത്.
ഒക്ടോബർ 26 രാത്രി 10.30ഓടെ സെല്ലിലുണ്ടായിരുന്ന ചിലർ ഡ്യൂട്ടിയിലുണ്ടായിരുന്ന ജയിൽ ജീവനക്കാരെ വിളിച്ചുവരുത്തി. സഹതടവുകാരിലൊരാൾക്ക് അപസ്മാരം ബാധിച്ചെന്നും അടിയന്തരമായി വൈദ്യസഹായം ആവശ്യമാണെന്നും ഇവർ അറിയിച്ചു. തടവുകാരനെ സഹായിക്കാനായി ജീവനക്കാർ സെൽ തുറന്ന് അകത്തുകയറിയതോടെ പ്രതികൾ അവരെ ആക്രമിക്കുകയായിരുന്നു. തുടർന്ന് രാത്രി 11 മണിയോടെ ഇവർ ജയിലിൽനിന്ന് രക്ഷപ്പെട്ടു.
ആക്രമണത്തിൽ ഗ്രേഡ്- രണ്ട് പോലീസ് കോൺസ്റ്റബിൾ തങ്കപാണ്ടിക്ക് തലയ്ക്ക് പരുക്കേറ്റു. ഇദ്ദേഹത്തെ തേനി ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ പരുക്കേറ്റ മറ്റ് രണ്ട് ജയിൽ ജീവനക്കാരും ചികിത്സയിലാണ്. തടവുകാരുടെ സംഘം രക്ഷപെട്ടത് ജയിൽ ജീവനക്കാരന്റെ ഒന്നര പവന്റെ മാലയും മോഷ്ടിച്ചാണെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ ജയിൽ വാർഡൻ അടക്കം 10 ജയിൽ ജീവനക്കാരെ ജയിൽ ഡിജിപി സന്ദീപ് റായ് റാത്തോഡ് സസ്പെൻഡ് ചെയ്തു. ജിഡിപിയുടെ നേതൃത്വത്തിൽ മധുരയിൽ ഉന്നതതല യോഗം ചേരുകയാണ്.
തമിഴ്നാട് പോലീസിന്റെ 17 സംഘങ്ങളാണ് തിരച്ചിൽ നടത്തുന്നത്. തടവുകാർ ഇടുക്കിയിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന് തമിഴ്നാട് പോലീസ് കേരള പോലീസിന് മുന്നറിയിപ്പു നൽകി. സമീപ ജില്ലയായതിനാലും മലയും കാടും ഉള്ളതിനാൽ ഒളിച്ചിരിക്കാൻ കഴിയുമെന്ന് കരുതി സംഘം കേരളത്തിലേക്ക് കടക്കുമെന്നാണ് ആശങ്ക. കുമളി, മറയൂർ, ബോഡിമെട്ട്, കമ്പംമെട്ട് ചെക്ക്പോസ്റ്റുകളിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയതായി ഇടുക്കി ജില്ലാ പൊലീസ് മേധാവി ഡോ. എ. നസീം പറഞ്ഞു. നിലവിൽ കിട്ടിയ വിവരം അനുസരിച്ച് ചാടിയ തടവുകാർക്ക് കേരളത്തിൽ കേസുകളില്ല.
രക്ഷപ്പെട്ട പ്രതികളെ കണ്ടെത്തുന്നതിനായി തേനി ജില്ലാ പോലീസ് 17 പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചു. അയൽജില്ലകളിലെ 16 കേന്ദ്രങ്ങളിൽ ചെക്ക്‌പോസ്റ്റുകൾ സ്ഥാപിച്ചതായി ദിണ്ടിഗൽ ജില്ലാ പോലീസ് സൂപ്രണ്ട് എസ്. ജയകുമാർ മാധ്യമങ്ങളോട് പറഞ്ഞു. മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ചെക്ക്‌പോസ്റ്റുകൾ സ്ഥാപിച്ചത്. മധുര പോലീസിനും കേരള പോലീസിനും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. രക്ഷപ്പെട്ട പ്രതികളെ തിരിച്ചറിയുന്നതിനായി ഇവരുടെ ചിത്രങ്ങളും വിവിധ പോലീസ് വിഭാഗങ്ങൾക്ക് കൈമാറി. രക്ഷപ്പെട്ടവർ സ്വന്തം നാടുകളിലേക്ക് മടങ്ങാൻ സാധ്യതയുള്ള വഴികളിലും പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
രക്ഷപ്പെട്ട പ്രതികളിൽ പലരും മധുര, രാമനാഥപുരം, സേലം, വിഴുപ്പുറം ജില്ലകളിൽ നിന്നുള്ളവരാണെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇവർ സ്വന്തം പ്രദേശങ്ങളിലേക്ക് കടന്നിട്ടുണ്ടാകാമെന്ന സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തിനുശേഷം തേക്കമ്പട്ടി സബ് ജയിലിൽ കഴിഞ്ഞിരുന്ന മറ്റ് ചില തടവുകാരെ മധുര സെൻട്രൽ ജയിലിലേക്ക് മാറ്റി. തേനി ജില്ലാ പോലീസ് സൂപ്രണ്ട് കെ.എസ്. പ്രവീൺ ഗൗതം സംഭവസ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. സംഭവത്തിൽ കന്ദമനൂർ പോലീസ് കേസെടുത്ത് തുടർ അന്വേഷണം ആരംഭിച്ചു.
അതേസമയം ജയിലിലേക്ക് സ്വയം തിരിച്ചു വരികയായിരുന്നു ആദ്യം രക്ഷപ്പെട്ട പ്രവീൺ. രക്ഷപെടാനുള്ള എല്ലാ വഴികളും പോലീസ് അടച്ചതാണ് പ്രവീണിനെ പിന്തിരിപ്പിച്ചത്. പോലീസിന്റെ കൈയിൽ പെട്ടാൽ എൻകൗണ്ടർ പോലുള്ള നടപടി ഉണ്ടാകുമെന്നും പ്രവീൺ ഭയന്നതായി സംശയിക്കുന്നു. തുടർന്നാണ് കീഴടങ്ങിയത്.