കാസർകോട്: അതിഥി തൊഴിലാളിക്ക് കളഞ്ഞുകിട്ടിയ മൊബൈൽ ഫോൺ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചിട്ടും ഉടമയ്ക്ക് തിരികെ ലഭിച്ചില്ല. ഫോൺ മോഷ്ടിച്ച് മറിച്ചുവിറ്റ സംഭവത്തിൽ കാസർകോട് ചന്തേര സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ (സിപിഒ) ബൈജുവിനെതിരെ കേസെടുത്തു.
ഒക്ടോബർ എട്ടിനാണ് സ്റ്റേഷന് സമീപത്തെ വഴിയിൽനിന്ന് കളഞ്ഞുകിട്ടിയ, പതിനായിരം രൂപയോളം വിലവരുന്ന മൊബൈൽ ഫോൺ അതിഥി തൊഴിലാളി സ്റ്റേഷനിൽ ഏൽപ്പിച്ചത്. പാറാവ് ബുക്കിൽ രേഖപ്പെടുത്തിയ ശേഷം ഫോൺ സ്റ്റേഷനിൽ സൂക്ഷിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഫോൺ പയ്യന്നൂർ രാമന്തളി സ്വദേശിനിയുടേതാണെന്ന് കണ്ടെത്തി. വിവരമറിയിച്ചതിനെ തുടർന്ന് അടുത്ത ദിവസം സ്റ്റേഷനിലെത്തി ഫോൺ കൈപ്പറ്റാമെന്ന് ഉടമ അറിയിച്ചു.
എന്നാൽ, ഒരാഴ്ചയ്ക്കുശേഷം ഉടമയുടെ മകൻ ഫോൺ വാങ്ങാനായി സ്റ്റേഷനിലെത്തിയപ്പോഴാണ് മേശയിൽ സൂക്ഷിച്ചിരുന്ന ഫോൺ കാണാതായ വിവരം പുറത്തറിയുന്നത്. ഫോൺ കണ്ടെത്തി അറിയിക്കാമെന്ന് പറഞ്ഞ് ഇയാളെ തിരിച്ചയച്ചു.
സംഭവത്തിനു പിന്നാലെ ഫോൺ കാണാതായ വിവരം സ്റ്റേഷനിലെ വാട്സാപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചെങ്കിലും ആരും വിവരമറിയിച്ചില്ല. തുടർന്ന് ഫോണിന്റെ ഐഎംഇഐ നമ്പർ കേന്ദ്രീകരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തി. ബദിയടുക്കയിലെ നീർച്ചാലിൽ മറ്റൊരു സിംകാർഡ് ഉപയോഗിച്ച് ഫോൺ പ്രവർത്തിക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.
ഫോൺ ഉപയോഗിച്ചിരുന്ന ബദിയടുക്ക സ്വദേശിയെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോഴാണ് ബൈജുവാണ് ഫോൺ തനിക്ക് വിറ്റതെന്ന് ഇയാൾ മൊഴി നൽകിയത്. തുടർന്ന് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഒക്ടോബർ 12ന് ബൈജു മേശയിൽനിന്ന് ഫോൺ എടുക്കുന്നതും സിംകാർഡ് ഊരിമാറ്റി നശിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കണ്ടെത്തിയതായാണ് വിവരം.
ഇതോടെയാണ് സിപിഒ ബൈജുവിനെതിരെ കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്കും റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.