തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഔഷധി ചെയർപേഴ്സണായിരിക്കെ സ്ഥാപനത്തിന്റെ ചെലവിൽ അനധികൃത സൗന്ദര്യചികിത്സ നടത്തിയെന്ന ആരോപണം നിഷേധിച്ച് ശോഭന ജോർജ്. ഔഷധിയിൽ താൻ ഒരു ചികിത്സയും നടത്തിയിട്ടില്ലെന്നും ഇതിന് രേഖകളുണ്ടെങ്കിൽ പുറത്തുവിടണമെന്നും ശോഭന ജോർജ് പറഞ്ഞു. മുട്ടയും ചെമ്പരത്തിമൊട്ടും ഉപയോഗിച്ചാൽ സൗന്ദര്യം കൂടുമോയെന്നും അവർ ചോദിച്ചു.
തനിക്കെതിരെ നിയമസഭയിൽ വ്യാജ ആരോപണം ഉന്നയിച്ചെന്നാരോപിച്ച് വി.പി. സജീന്ദ്രനെതിരെ സ്പീക്കർക്ക് പരാതി നൽകുമെന്നും ശോഭന ജോർജ് വ്യക്തമാക്കി. ആരോപണങ്ങൾക്ക് തെളിവുണ്ടെങ്കിൽ പുറത്തുകൊണ്ടുവരട്ടെയെന്നും അവർ ആവശ്യപ്പെട്ടു. ഔഷധി ചെയർപേഴ്സണായിരിക്കെ ശോഭന ജോർജ് സ്ഥാപനത്തിന്റെ ചെലവിൽ അനധികൃത സൗന്ദര്യചികിത്സ നടത്തിയെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട ആഭ്യന്തര അന്വേഷണ റിപ്പോർട്ടിൽ മൂന്ന് കിലോ ചെമ്പരത്തിപ്പൂമൊട്ടും കോഴിമുട്ടകളും ഉപയോഗിച്ചതായി പറയുന്നുണ്ട്.
’’300 കോഴിമുട്ട പുഴുങ്ങി തിന്നുകയും മൂന്ന് കിലോ ചെമ്പരത്തി മൊട്ട് ചെവിയിൽവയ്ക്കുകയും നെല്ലിക്കക്കു പകരം നാരങ്ങാനീരു കൊണ്ട് തളം വയ്ക്കുകയും ചെയ്താൽ സൗന്ദര്യം വർദ്ധിക്കുമെന്ന് മുൻ ഔഷധി ചെയർമാൻ കണ്ടുപിടിച്ചതായി വാർത്ത കണ്ടു; അതിന് എന്തെങ്കിലും പേറ്റന്റ് കിട്ടീട്ടുണ്ടോ? ഈ കണ്ടുപിടുത്തം ഔഷധി ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ മുന്‍ ഔഷധി ചെയര്‍മാന്റെ ചികിത്സാ ചെലവ് തിരിച്ചുപിടിക്കുമോ?’’ എന്നായിരുന്നു എംഎല്‍എ നിയമസഭയില്‍ ചോദിച്ചത്. വി.പി. സജീന്ദ്രന്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് ആരോഗ്യമന്ത്രി കെ. മുരളീധരന്‍ നിയമസഭയില്‍ മറുപടി നല്‍കി.
’’ഔഷധിയെന്നാൽ സൗന്ദര്യ ചികിത്സയ്ക്കായി പ്രവർത്തിക്കുന്ന സ്ഥാപനമല്ല; സാധാരണക്കാർക്ക് മികച്ച ആയുർവ്വേദ ചികിത്സ ലഭ്യമാക്കാൻ ആരംധിച്ച സ്ഥാപനമാണ്. മികച്ച ഗവേഷണങ്ങൾ അവിടെ നടക്കുന്നുണ്ട്. സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഔഷധി. . വി.പി. സജീന്ദ്രന്‍ സൂചിപ്പിച്ച ആരോപണത്തെ സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ രൂപീകരിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് എന്റെ മുമ്പിൽ വന്നിട്ടുണ്ട്’’. കെ. മുരളീധരൻ പറഞ്ഞു.
ഔഷധിയുടെ പഞ്ചകർമ ആശുപത്രിയിലെ ഡീലക്സ് എസി മുറിയിൽ ചികിത്സ നടത്തിയെന്നും ഇതിനായി സ്ഥാപനത്തിന്റെ ഔദ്യോഗിക ഫണ്ടും ഡോക്ടർമാരുടെ സേവനവും ദുരുപയോഗം ചെയ്തെന്നുമാണ് റിപ്പോർട്ടിലെ കണ്ടെത്തലായി പറയുന്നത്. എന്നാൽ, ആരോപണങ്ങൾ ശോഭന ജോർജ് നിഷേധിച്ചിട്ടുണ്ട്.