കഴക്കൂട്ടം: ആഴ്ച്ചകളുടെ വ്യത്യാസത്തിൽ 19 കാരനും 17 കാരനുമെല്ലാം വാഹനങ്ങളുമായി നിരത്തിലിറങ്ങി നാലു ജീവനുകളെടുത്തിട്ടും മാതാപിതാക്കളുടെ തലയിൽ വെളിച്ചമടിക്കുന്നില്ല. തിരുവനന്തപുരത്ത് മൂന്നോ, നാലോ പ്രായമുള്ള കുട്ടിയെ ഉപയോഗിച്ച് സ്റ്റിയറിംഗ് നിയന്ത്രിക്കാൻ അനുവദിച്ച് രക്ഷിതാക്കൾ. ഡ്രൈവർ സീറ്റിൽ അച്ഛന്റെ മടിയിൽ ഇരുന്ന് പിഞ്ചുകുഞ്ഞ് വാഹനം ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്.
തിരുവനന്തപുരം കഴക്കൂട്ടത്താണ് സംഭവം. കുട്ടി സ്റ്റിയറിംഗ് പിടിച്ച് നിയന്ത്രിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. 80-100 കിലോമീറ്റർ വേഗതയിലാണ് ഈ വാഹനം പായുന്നത്. സമീപത്ത് കൂടി വന്ന കാറിലുള്ളവർ വീഡിയോ എടുക്കുന്നത് ശ്രദ്ധയിൽ വന്നതോടെ വീണ്ടും വേഗതയിൽ കാർ മുന്നോട്ട് കുതിക്കുകയായിരുന്നു. കൊല്ലം ഇളമ്പൽ സ്വദേശികളാണ് വീഡിയോ ദൃശ്യം പകർത്തിയത്.
അതേസമയം അധിക വാഹനങ്ങൾ ഇല്ലാത്ത സമയത്തായതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. തിരുവനന്തപുരം കഴക്കൂട്ടം എയർപോർട്ട് റോഡിൽ അനന്തപുരി ആശുപത്രിക്ക് മുന്നിലുള്ള ഫ്ലൈ ഓവറിലാണ് സംഭവം. അടുത്തടുത്ത് ഇത്രയും അപകടങ്ങൾ ഉണ്ടായതുകൊണ്ട് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് ബോധ്യമുള്ളതുകൊണ്ടാണ് വീഡിയോ എടുത്തതെന്നാണ് വീഡിയോ എടുത്തതെന്ന് വ്യക്തി പ്രതികരിച്ചു.