കോട്ടയം: കനത്ത മഴയിൽ റബർമരം കടപുഴകി വൈദ്യുതലൈനിലേക്കു വീണതിനെത്തുടർന്ന് വൈദ്യുതത്തൂണുകളും മരവും റോഡിലേക്ക് പതിച്ചു. ഇതുവഴി കടന്നുപോവുകയായിരുന്ന മന്ത്രി മോൻസ് ജോസഫും പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന പോലീസുകാരും അപകടത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഞായറാഴ്ച ഉച്ചയ്ക്ക് 2.45-ഓടെ ഞീഴൂർ പാഴുത്തുരുത്തിലായിരുന്നു സംഭവം.
കനത്ത മഴയിൽ പാടത്തുനിന്നിരുന്ന റബർമരം കടപുഴകി 11 കെവി വൈദ്യുതലൈനിലേക്ക് പതിക്കുകയായിരുന്നു. ഇതോടെ രണ്ട് വൈദ്യുതത്തൂണുകളും മരവും റോഡിലേക്ക് വീണു. ഈ സമയത്താണ് മന്ത്രി മോൻസ് ജോസഫിന്റെ വാഹനം ഇതുവഴിയെത്തിയത്. വൈദ്യുതത്തൂണുകൾ കാറിനു മുകളിലേക്ക് വീഴാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.
അപകടത്തെത്തുടർന്ന് കടുത്തുരുത്തി–ഞീഴൂർ റോഡിൽ രണ്ടുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. തുടർന്ന് എസ്‌കെപിഎസ്–പുളിക്കിയിൽ–കുടിലിപ്പറമ്പ് റോഡിലൂടെ വാഹനങ്ങൾ തിരിച്ചുവിട്ടു. മന്ത്രിയുടെ അറിയിപ്പിനെത്തുടർന്ന് കെഎസ്ഇബി ജീവനക്കാരെത്തി വൈദ്യുതത്തൂണുകൾ നീക്കം ചെയ്തതോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
“ഒരു സെക്കൻഡ് കൂടി വൈകിയിരുന്നെങ്കിൽ വൈദ്യുതത്തൂണുകൾ കാറിനു മുകളിലേക്ക് വീഴുമായിരുന്നു. ഞീഴൂരിൽ ഒരു സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ പോവുകയായിരുന്നു. ആദ്യം എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല. പിന്നീടാണ് അപകടത്തിന്റെ വ്യാപ്തി ബോധ്യപ്പെട്ടത്. ദൈവാനുഗ്രഹത്താൽ ദുരന്തം ഒഴിവായി,” മന്ത്രി മോൻസ് ജോസഫ് പറഞ്ഞു.