ലഖ്‌നൗ: കോടതി നടപടികളിൽനിന്ന് രക്ഷപ്പെടാൻ സ്വന്തം മരണാനന്തരച്ചടങ്ങുകളുടെ ചിത്രങ്ങൾ എഐ ഉപയോഗിച്ച് വ്യാജമായി നിർമിച്ച് മരണ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ച കൊലക്കേസ് പ്രതി പിടിയിൽ. ഉത്തർപ്രദേശിലെ മൗ ജില്ലയിലാണ് സംഭവം. രാജ് കുമാർ രാജ്ഭർ എന്നയാളെയാണ് ഒരു വർഷത്തോളം ഒളിവിൽ കഴിഞ്ഞശേഷം ഞായറാഴ്ച പോലീസ് പിടികൂടിയത്.
2016-ൽ യോഗേഷ് സിങ് എന്നയാൾ വെടിയേറ്റു കൊല്ലപ്പെട്ട കേസിലെ പ്രതിയാണ് രാജ് കുമാർ. കേസിന്റെ വിചാരണയ്ക്കിടെ 2025-ലാണ് ഇയാൾ സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ച് കോടതിയെ കബളിപ്പിക്കാൻ പദ്ധതിയിട്ടത്. ഇതിനായി ശ്മശാനത്തിൽ ചിതയൊരുക്കി അതിൽ ആടിന്റെ തലയില്ലാത്ത ജഡം വെച്ച് ചിത്രമെടുത്തു. പിന്നീട് ആടിന്റെ ജഡത്തിനു പകരം എഐ ഉപയോഗിച്ച് സ്വന്തം ചിത്രം ചേർക്കുകയായിരുന്നു. മരണാനന്തര ഘോഷയാത്രയുടെയും മറ്റ് ചടങ്ങുകളുടെയും ചിത്രങ്ങളും ഇയാൾ വ്യാജമായി നിർമിച്ചു.
ഈ ചിത്രങ്ങൾ ബന്ധുക്കൾ മുഖേന മൗ മുനിസിപ്പൽ കൗൺസിലിൽ ഹാജരാക്കി മരണ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചു. തുടർന്ന് താൻ മരിച്ചെന്നു വരുത്തിത്തീർക്കാൻ സർട്ടിഫിക്കറ്റ് കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. എന്നാൽ ഒരു വർഷത്തോളം ഖ്വാജജഹാൻപുർ മേഖലയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പോലീസ് പിടികൂടിയതോടെയാണ് തട്ടിപ്പ് പുറത്തായത്.
2016 ഡിസംബർ 19-നാണ് യോഗേഷ് സിങ് വെടിയേറ്റു കൊല്ലപ്പെട്ടത്. രാജ് കുമാറിനെക്കൂടാതെ ഇയാളുടെ സുഹൃത്ത് സുദർശനും കേസിൽ പ്രതിയാണ്. സ്റ്റോക്ക് മാർക്കറ്റ് ഏജന്റായി പ്രവർത്തിച്ചിരുന്ന രാജ് കുമാർ, ഓഹരി വിപണിയിൽ നിക്ഷേപിക്കാനെന്ന പേരിൽ പലരിൽനിന്നും പണം വാങ്ങിയിരുന്നതായി പോലീസ് പറഞ്ഞു. ഈ പണം തിരികെ നൽകുന്നത് ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായും മരണനാടകം ആസൂത്രണം ചെയ്തതായാണ് പോലീസിന്റെ കണ്ടെത്തൽ.