കൊച്ചി: ചേരാനല്ലൂരിൽ സ്കൂട്ടർ യാത്രക്കാരന്റെ മരണത്തിനിടയാക്കിയ അപകടത്തിൽ പ്രതിയായ 17-കാരൻ കാറോടിച്ചിരുന്നത് മണിക്കൂറിൽ 104 കിലോമീറ്റർ വേഗത്തിലെന്ന് പോലീസ്. അമിതവേഗത്തിൽ കാറോടിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രതി മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ലൈസൻസില്ലാതെ വാഹനമോടിച്ചതിനും അമിതവേഗത്തിൽ വാഹനമോടിച്ചതിനും മോട്ടർ വാഹന നിയമത്തിലെ 181, 183 വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്.
അതിനിടെ, ചേരാനല്ലൂർ പൊലീസ് സ്റ്റേഷന് മുൻപിൽ അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ ബന്ധുക്കൾ പ്രതിഷേധിച്ചതിനെ തുടർന്ന് 17-കാരനെ പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു. പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
‘ഞങ്ങളുടെ അച്ഛനെ വാഹനമിടിച്ച് കൊന്നവനെ, അച്ഛന്റെ മൃതദേഹം കിട്ടുന്നതിനു മുൻപ് സ്റ്റേഷൻ ജാമ്യം കൊടുത്തുവിട്ടു. കാരണം ഞങ്ങളുടെ അച്ഛൻ വെറും തട്ടുകടക്കാരനും പ്രതി ജഡ്ജിയുടെ മകനുമാണ്. നിയമം ഇവിടെ രണ്ടു രീതിയിലാണോ? ഇത്രയും നേരെ പൊലീസ് സ്റ്റേഷനു മുന്നിൽ ഇരുന്നിട്ടും പൊലീസുകാർ ഒരക്ഷരം മിണ്ടുന്നില്ല. ഒരിക്കൽ അച്ഛനൊപ്പം ഒരു പരാതി നൽകാൻ ഈ സ്റ്റേഷനിൽ വന്നിട്ടുണ്ട്. അന്ന് എന്റെ അച്ഛനെ തെറി വിളിച്ചവരാണ് ഈ പൊലീസ് സ്റ്റേഷനിലുള്ളത്. ഇന്ന് അവർക്ക് മറുപടിയില്ല. നീ എന്നെ നിയമം പഠിപ്പിക്കരുതെന്നാണ് പ്രതിയുടെ അച്ഛനായ ജഡ്ജി പറഞ്ഞത്. സംഭവത്തിന്റെ ദൃശ്യങ്ങളും ഫോട്ടോകളും പകർത്താൻ ശ്രമിച്ച ബന്ധുക്കളുടെ ഫോൺ വാങ്ങി ചിത്രങ്ങൾ പൊലീസിനെക്കൊണ്ട് ഡിലീറ്റ് ചെയ്യിപ്പിച്ചു. നീതി കിട്ടാൻ ഏതറ്റം വരെയും പോലും’–ജയബാലകൃഷ്ണന്റെ മകൾ പറഞ്ഞു.
പ്രതിഷേധത്തിനിടെ മരിച്ച ജയബാലകൃഷ്ണന്റെ മകൾ തളർന്നുവീണു.
ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് ജഡ്ജിയുടെ മകനാണ് അപകടത്തിൽ പ്രതിയായ 17-കാരൻ. അപകടവും തുടർന്നുണ്ടായ നടപടികളും സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.