തിരുവനന്തപുരം: കളമശ്ശേരി റെയിൽവേ സ്റ്റേഷനിൽ ഇലക്ട്രോണിക് ഇന്റർലോക്കിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ ഒക്ടോബർ 27 ചൊവ്വാഴ്ച ബെംഗളൂരു–എറണാകുളം വന്ദേഭാരത് എക്സ്പ്രസ് ഭാഗികമായി റദ്ദാക്കി. ഇതിനു പുറമേ നാല് ട്രെയിനുകൾ വൈകിയോടുമെന്നും റെയിൽവേ അറിയിക്കുന്നു.
കെഎസ്ആർ ബെംഗളൂരു–എറണാകുളം ജങ്ഷൻ വന്ദേഭാരത് എക്സ്പ്രസ് (26651) ഇന്ന് തൃശ്ശൂരിനും എറണാകുളത്തിനും ഇടയിൽ സർവീസ് നടത്തില്ല. തൃശ്ശൂരിൽ സർവീസ് അവസാനിപ്പിക്കും.
എറണാകുളം ജങ്ഷൻ–കെഎസ്ആർ ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് (26652) ഇന്ന് തൃശ്ശൂരിൽനിന്നാകും പുറപ്പെടുക. എറണാകുളം–തൃശ്ശൂർ റൂട്ടിൽ സർവീസ് റദ്ദാക്കിയിട്ടുണ്ട്. വൈകിട്ട് 3.20-ന് തൃശ്ശൂരിൽനിന്ന് ട്രെയിൻ യാത്ര ആരംഭിക്കും.
എറണാകുളം ജങ്ഷൻ–ഹസ്രത് നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12617) ഉച്ചയ്ക്ക് 2.55-ന് എറണാകുളം ജങ്ഷനിൽനിന്ന് പുറപ്പെടും.
മംഗളൂരു സെൻട്രൽ–കന്യാകുമാരി പരശുറാം എക്സ്പ്രസ് (16649) ഒരു മണിക്കൂർ 15 മിനിറ്റും തിരുവനന്തപുരം സെൻട്രൽ–ലോകമാന്യതിലക് നേത്രാവതി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (16346) ഒരു മണിക്കൂർ 20 മിനിറ്റും വൈകും. തിരുനെൽവേലി–ജാംനഗർ എക്സ്പ്രസ് (19577) 40 മിനിറ്റ് വൈകിയോടുമെന്നും റെയിൽവേ അറിയിക്കുന്നു.