ടെൽ അവീവ്: ഇസ്രയേലിൽ തിരഞ്ഞെടുപ്പ് നടക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെ, ടെൽ അവീവിന് മുകളിൽ ആണവസ്ഫോടനം നടക്കുന്നതായി ചിത്രീകരിക്കുന്ന എഐ നിർമിത ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനിൽനിന്നുള്ള അസ്തിത്വ ഭീഷണിയെ ചെറുക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകാലത്ത് ശേഷിക്കുന്ന രണ്ടു വർഷം ഇസ്രയേൽ പൂർണമായി വിനിയോഗിക്കണമെന്ന സന്ദേശവും അദ്ദേഹം മുന്നോട്ടുവച്ചു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള നെതന്യാഹുവിന്റെ ഈ പോസ്റ്റ് ഇസ്രയേലിൽ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.
ജനസാന്ദ്രതയേറിയ നഗരത്തിന് മുകളിൽ കൂറ്റൻ കൂൺമേഘം ഉയരുന്നതും നഗരത്തിലെ നിരവധി കെട്ടിടങ്ങളെ വിഴുങ്ങുന്ന തരത്തിൽ സ്ഫോടനം നടക്കുന്നതുമാണ് നെതന്യാഹു പങ്കുവെച്ച എഐ ചിത്രത്തിലുള്ളത്. ടെൽ അവീവിന് മുകളിൽ ആണവസ്ഫോടനം നടക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കുന്ന ചിത്രത്തോടൊപ്പം ഇസ്രയേലി എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ യുവാൽ ബ്ലംബർഗിന്റെ പ്രസ്താവനയും അദ്ദേഹം പങ്കുവെച്ചു.
ഇസ്രയേൽ യഥാർഥവും നേരിട്ടുള്ളതുമായ അസ്തിത്വ ഭീഷണി നേരിടുകയാണെന്ന് പ്രസ്താവനയിൽ പറയുന്നു. ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കിയാൽ പിന്നീട് ഒന്നും പഴയതുപോലെയാകില്ലെന്നും ഇറാനിൽനിന്നും ഷിയാ അച്ചുതണ്ടിൽനിന്നുമുള്ള ഭീഷണിയെ അപേക്ഷിച്ച് മറ്റു വിഷയങ്ങളെല്ലാം നിസ്സാരമാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.
ഇടയ്ക്കിടെ ഉയർന്നുവരുന്ന കെട്ടിച്ചമച്ചതും കൃത്രിമമായി സൃഷ്ടിക്കപ്പെടുന്നതുമായ വിവാദങ്ങൾ ഏറ്റവും പ്രധാനപ്പെട്ട വിഷയത്തിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് ഉപയോഗിക്കുന്നത്. ഇറാനിലെ ദൗത്യം പൂർത്തിയാക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും ഇത് ഇസ്രയേലിലുള്ള ഓരോ വ്യക്തിയുടെയും നിലനിൽപ്പിനെ ബാധിക്കുന്ന വിഷയമാണെന്നും കുറിപ്പിൽ പറയുന്നു.
അതുപോലെ അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ഭരണകാലത്ത് ഇനി ശേഷിക്കുന്ന രണ്ടു വർഷം ഇറാനെതിരായ ദൗത്യം പൂർത്തിയാക്കാൻ ഇസ്രയേൽ ഉപയോഗിക്കണമെന്നായിരുന്നു നെതന്യാഹുവിന്റെ മറ്റൊരു വാദം. അതിനുശേഷം ആരായിരിക്കും അമേരിക്കൻ പ്രസിഡന്റാകുകയെന്ന് പറയാനാകില്ലെന്നും കമല ഹാരിസോ മറ്റേതെങ്കിലും ശരാശരി നിലവാരമുള്ള നേതാവോ അധികാരത്തിലെത്താമെന്നും അദ്ദേഹം കുറിച്ചു. വരും വർഷങ്ങളിൽ ഇസ്രയേലിന്റെ നിലനിൽപ്പ് ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ പൂർത്തിയാക്കാനുള്ള അവസരമാണ് ഇപ്പോഴുള്ളതെന്നും ഈ ലക്ഷ്യത്തിനായി രാജ്യത്തിന്റെ ആവശ്യമായ എല്ലാ വിഭവങ്ങളും വിനിയോഗിക്കണമെന്നും നെതന്യാഹു പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
എന്നാൽ, പ്രധാനമന്ത്രിയുടെ പോസ്റ്റിനെതിരെ പ്രതിപക്ഷ നേതാക്കൾ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തി. തിരഞ്ഞെടുപ്പ് അടുക്കുന്തോറും നെതന്യാഹുവിന് നിയന്ത്രണം നഷ്ടപ്പെടുകയാണെന്ന് ഡെമോക്രാറ്റ്സ് പാർട്ടി ചെയർമാൻ യായർ ഗോലാൻ ആരോപിച്ചു. ടെൽ അവീവിന് മുകളിൽ ആണവബോംബ് പതിക്കുന്നതായി ചിത്രീകരിക്കുന്ന ചിത്രം ഇസ്രയേൽ പ്രധാനമന്ത്രി തന്നെ പ്രസിദ്ധീകരിച്ചിരിക്കുകയാണെന്ന് ഗോലാൻ പറഞ്ഞു. നെതന്യാഹുവിനെ സമൂഹമാധ്യമങ്ങളിൽനിന്ന് അകറ്റിനിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ ചുറ്റുമുള്ളവർക്കും നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുകയാണെന്നും സമ്മർദം വർധിച്ചുവരികയാണെന്നും ഗോലാൻ വിമർശിച്ചു.
നെതന്യാഹുവിന്റെ നടപടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ജനങ്ങളിൽ ഭയം സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും പ്രതിപക്ഷം ആരോപിച്ചു. നെതന്യാഹു വീണ്ടും ഭീതിപരത്തുന്ന വീഡിയോയും സന്ദേശങ്ങളുമായി എത്തിയിരിക്കുകയാണെന്ന് യാഷർ പാർട്ടി ചെയർമാൻ ഗാദി ഐസൻകോട്ട് പ്രതികരിച്ചു.
നെതന്യാഹു പരിഭ്രാന്തിയിലാണെന്നും എല്ലാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും പതിവായി ഉപയോഗിക്കുന്ന നുണകളുടെയും ഭീതിപരത്തലിന്റെയും തന്ത്രമാണ് ഇത്തവണയും ആവർത്തിക്കുന്നതെന്നും ഐസൻകോട്ട് സമൂഹമാധ്യമത്തിലെ കുറിപ്പിൽ ആരോപിച്ചു. തിരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കാനിരിക്കെ, ഇറാനിൽനിന്നുള്ള ഭീഷണിയെക്കുറിച്ചുള്ള നെതന്യാഹുവിന്റെ മുന്നറിയിപ്പുകൾ രാഷ്ട്രീയ ചർച്ചകളിൽ പ്രധാന വിഷയമായി മാറിയിരിക്കുകയാണ്. ദേശീയ സുരക്ഷയും ഇറാന്റെ ആണവപദ്ധതിയും ഉയർത്തിക്കാട്ടി വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമമാണ് പ്രധാനമന്ത്രി നടത്തുന്നതെന്ന വിമർശനവും ഇതോടൊപ്പം ഉയരുന്നുണ്ട്.
ഇസ്രയേലിൽ ആനുപാതിക പ്രാതിനിധ്യ സംവിധാനത്തിലൂടെയാണ് പാർലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. രാജ്യവ്യാപകമായി രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന വോട്ടുകളുടെ അടിസ്ഥാനത്തിലാണ് പാർലമെന്റിലെ സീറ്റുകൾ അനുവദിക്കുന്നത്. ആകെ 120 അംഗങ്ങളുള്ള പാർലമെന്റിൽ ഭൂരിപക്ഷം നേടാൻ 61 സീറ്റുകൾ ആവശ്യമാണ്.