BREAKING NEWS

വിവാഹം കഴിഞ്ഞ് മൂന്നാം മാസം മുതല്‍ താര്‍ കാറും ബൈക്കും ആവശ്യപ്പെട്ട് മര്‍ദനം, നിരന്തരം വഴക്ക്, തര്‍ക്കം മൂത്തതോടെ യുവതിയെ റോഡിലൂടെ വലിച്ചിഴച്ച് മുടിയില്‍ കുത്തിപ്പിടിച്ച് ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ്

· · 1 min read
Share: Copied!

ലുധിയാന: മഹീന്ദ്ര താർ കാറും ബൈക്കും ആവശ്യപ്പെട്ട് ഭാര്യയെ മർദിച്ചെന്ന പരാതിയിൽ പഞ്ചാബിലെ ലുധിയാന സ്വദേശിയായ റിതീഷ് ശർമയ്‌ക്കെതിരെ പൊലീസ് നടപടി. സംഭവത്തോട് അനുബന്ധിച്ച് ഭാര്യ ടിങ്കിളിനെ മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കഴിഞ്ഞ വർഷം നവംബറിലാണ് റിതീഷ് ശർമയും സലൂൺ നടത്തിപ്പുകാരിയായ ടിങ്കിളും വിവാഹിതരായത്.

ആരോഗ്യ മേഖലയിലാണ് റിതീഷ് ജോലി ചെയ്തിരുന്നത്. ടിങ്കിളിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം റിതീഷ് താർ കാർ ആവശ്യപ്പെട്ടുതുടങ്ങിയെന്നാണ് യുവതിയുടെ ആരോപണം. പിന്നീട് ബൈക്കും ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ പതിവായി വഴക്കുണ്ടായിരുന്നുവെന്നും പരാതിയിൽ പറയുന്നു. പ്രശ്നം പരിഹരിക്കാൻ ഒരു മധ്യസ്ഥൻ ഇടപെട്ടെങ്കിലും തർക്കം തുടർന്നു. ഒക്ടോബർ 21ന് രാത്രിയിലാണ് പരാതിയ്ക്ക് ആസ്പദമായ സംഭവം. വീടിന് പുറത്ത് വെച്ച് റിതീഷ് ടിങ്കിളിനെ അടിക്കുന്നതിന്റെയും മുടിയിൽ പിടിച്ചുവലിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ബൈക്കിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷമായതോടെ യുവതി രക്ഷതേടി അയൽവാസിയുടെ വീട്ടിലേക്ക് ഓടിക്കയറി. എന്നാൽ പിന്നാലെയെത്തിയ റിതീഷ് അവിടെയും യുവതിയെ മർദിച്ചു. തുടർന്ന് റോഡിലൂടെ വലിച്ചിഴച്ചും മർദിച്ചതായാണ് പരാതി. യുവതിയുടെ നിലവിളി കേട്ട് അയൽവാസികൾ വീടുകളിൽനിന്ന് പുറത്തേക്ക് ഓടിയെത്തി ഇടപെട്ട് രക്ഷപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ടിങ്കിൾ പൊലീസിൽ പരാതി നൽകി. മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങളും തെളിവായി കൈമാറിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.