BREAKING NEWS

പിഎസ്‌സി ചെയർമാനെ നീക്കാൻ രാഷ്ട്രപതിക്ക് ശുപാർശ നൽകി ഗവർണർ; ചരിത്രത്തിൽ ആദ്യം; നടപടി കാലാവധി അവസാനിക്കാൻ ഒരാഴ്ച മാത്രം ശേഷിക്കെ

· · 1 min read
Share: Copied!

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മിഷൻ (പിഎസ്‌സി) ചെയർമാനെയും അംഗങ്ങളെയും സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഗവർണർ രാജേന്ദ്ര അർലേക്കർ രാഷ്ട്രപതിക്ക് ശുപാർശ നൽകിയതായി റിപ്പോർട്ട്. ഗവർണറുടെ കാലാവധി അവസാനിക്കാൻ ഒരാഴ്ച മാത്രം ശേഷിക്കെയാണ് നടപടിയെന്നാണ് റിപ്പോർട്ടിലുള്ളത്. സംസ്ഥാന ചരിത്രത്തിൽ ഇത്തരമൊരു നടപടി ആദ്യമായാണ്.

പിഎസ്‌സി ചെയർമാൻ ഉൾപ്പെടെ 16 അംഗങ്ങളെ നീക്കണമെന്നാണ് ശുപാർശയിലുള്ളതെന്നാണ് വിവരം. പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് പിഎസ്‌സിക്കെതിരെ ഉയർന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് ഗവർണറുടെ നീക്കമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് ഗവർണറാണെങ്കിലും അവരെ സ്ഥാനത്തുനിന്ന് നീക്കുന്നതിന് ഭരണഘടനാപരമായ പ്രത്യേക നടപടിക്രമങ്ങളുണ്ട്. ഭരണഘടനയുടെ 317-ാം അനുച്ഛേദപ്രകാരം, പിഎസ്‌സി ചെയർമാനെയോ അംഗങ്ങളെയോ നീക്കുന്നതിനുള്ള നടപടിയിൽ രാഷ്ട്രപതിക്കാണ് പ്രധാന അധികാരം. ആരോപണങ്ങൾ അന്വേഷിക്കാൻ രാഷ്ട്രപതി സുപ്രീംകോടതിയോട് ആവശ്യപ്പെടുകയും കോടതി അന്വേഷണത്തിനുശേഷം ശുപാർശ നൽകുകയും ചെയ്യുന്ന നടപടിക്രമമാണ് ഇതിൽ നിർണായകം.

പിഎസ്‌സിക്കെതിരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ലോക്ഭവൻ അന്വേഷണം സംബന്ധിച്ച വിവരങ്ങൾ തേടിയിരുന്നു. ഐജി അജിതാബീഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തുടർനടപടികളിലേക്ക് ഗവർണർ നീങ്ങിയതെന്നാണ് വിവരം. ക്രൈംബ്രാഞ്ചിനോടും ലോക്ഭവൻ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഡിജിപിക്ക് കൈമാറിയ റിപ്പോർട്ടിൽ കേസെടുത്ത സാഹചര്യവും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും പരാമർശിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

പിഎസ്‌സി പരീക്ഷകളിലും നിയമന നടപടികളിലും ക്രമക്കേടുകൾ നടന്നെന്ന ആരോപണങ്ങൾ നേരത്തേ വിവാദമായിരുന്നു. പരാതികളിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ചെയർമാനെയും അംഗങ്ങളെയും നീക്കാനുള്ള നീക്കമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.