കോട്ടയം: “സർ, ഞങ്ങളുടെ മകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കമ്പത്താണെന്ന് മാത്രമേ അറിയൂ. എന്തെങ്കിലും ചെയ്തില്ലെങ്കിൽ അവൻ മരിച്ചുപോകും, രക്ഷിക്കണം.” മകന്റെ ജീവൻ രക്ഷിക്കണമെന്ന അപേക്ഷയുമായി നിലവിളിച്ചുകൊണ്ട് പോലീസ് സ്റ്റേഷനിലെത്തിയ മാതാപിതാക്കൾ. മറുവശത്ത്, തമിഴ്‌നാട്ടിലെ കമ്പത്ത് കൈഞരമ്പ് മുറിച്ച് രക്തത്തിൽ കുളിച്ചുകിടക്കുന്ന മകൻ. വീഡിയോ കോളിലൂടെ മകന്റെ അവസ്ഥ കണ്ടതോടെ എന്തുചെയ്യണമെന്നറിയാതെ പകച്ചുപോയ മാതാപിതാക്കൾക്ക് ആശ്വാസമായത് പോലീസിന്റെ സമയോചിതമായ ഇടപെടൽ.
കഴിഞ്ഞ ബുധനാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. കറുകച്ചാൽ സ്വദേശിയായ 35-കാരൻ തമിഴ്‌നാട്ടിലെ കമ്പത്ത് എവിടെയോ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന വിവരവുമായാണ് മാതാപിതാക്കൾ കറുകച്ചാൽ പോലീസ് സ്റ്റേഷനിലെത്തിയത്. മകന്റെ ജീവൻ അപകടത്തിലാണെന്നറിഞ്ഞതോടെ എച്ച്.എച്ച്.ഒ. ടി.എസ്. ജയകൃഷ്ണനും മറ്റ് പോലീസുകാരും ചേർന്ന് ഇവരെ ആശ്വസിപ്പിച്ചു. ഉടൻതന്നെ വിവരങ്ങൾ കമ്പം പോലീസിന് കൈമാറി.
മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഒന്നരമണിക്കൂറിനുള്ളിൽ കമ്പത്തെ ഒരു ലോഡ്ജിൽനിന്ന് യുവാവിനെ കണ്ടെത്തി. അപ്പോഴേക്കും രക്തംവാർന്ന് ഗുരുതരാവസ്ഥയിലായിരുന്നു ഇയാൾ. ഉടൻ കമ്പം ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കിയതോടെ ജീവൻ രക്ഷിക്കാനായി. അപകടനില തരണംചെയ്ത യുവാവ് കഴിഞ്ഞദിവസം നാട്ടിലേക്ക് മടങ്ങി. ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
ചൊവ്വാഴ്ചയാണ് യുവാവ് വീട്ടിൽനിന്ന് പോയത്. ബുധനാഴ്ച വൈകീട്ട് 8.05-ഓടെ അമ്മയുടെ ഫോണിലേക്ക് വീഡിയോ കോൾ എത്തി. “അമ്മേ, ഞാൻ കൈഞരമ്പ് മുറിച്ചു, മരിക്കാൻ പോകുന്നു” എന്നായിരുന്നു മകന്റെ വാക്കുകൾ. അമ്മയോട് അവസാനമായി സംസാരിക്കണമെന്ന ആഗ്രഹത്തോടെയാണ് യുവാവ് വിളിച്ചതെന്നാണ് വിവരം.
മകന്റെ വാക്കുകൾ കേട്ട് പരിഭ്രാന്തയായ അമ്മ നിലവിളിച്ചുകൊണ്ട് കൂടുതൽ വിവരങ്ങൾ ചോദിച്ചെങ്കിലും വൈകാതെ യുവാവ് അബോധാവസ്ഥയിലേക്ക് പോയി. മകൻ എവിടെയാണെന്ന് കൃത്യമായി അറിയാത്തതിനാൽ മറ്റൊന്നും ആലോചിച്ചുനിൽക്കാതെ മാതാപിതാക്കൾ കറുകച്ചാൽ പോലീസ് സ്റ്റേഷനിലേക്ക് ഓടിയെത്തുകയായിരുന്നു.
പോലീസിന്റെ ഇടപെടൽ അൽപ്പമെങ്കിലും വൈകിയിരുന്നെങ്കിൽ മകനെ ജീവനോടെ തിരികെ ലഭിക്കുമായിരുന്നില്ലെന്നാണ് മാതാപിതാക്കളുടെ ആശങ്ക. കൃത്യസമയത്ത് ഇടപെട്ട് മകന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ച കറുകച്ചാൽ, കമ്പം പോലീസ് ഉദ്യോഗസ്ഥരോട് നന്ദി പറയുകയാണ് കുടുംബം.
കറുകച്ചാലിൽ കട നടത്തുന്ന യുവാവ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പ്രാഥമിക വിവരം. യുവാവിനെ നേരിൽക്കണ്ട് സംസാരിക്കാനും കൗൺസലിങ് ഉൾപ്പെടെയുള്ള പിന്തുണ ഉറപ്പാക്കാനുമാണ് കറുകച്ചാൽ പോലീസിന്റെ തീരുമാനം. പ്രതിസന്ധിയിലായ യുവാവിന് തുടർപിന്തുണ നൽകുന്നതിലൂടെ സമാനമായ സാഹചര്യം ആവർത്തിക്കാതിരിക്കാനാണ് പോലീസ് ലക്ഷ്യമിടുന്നത്.