BREAKING NEWS

മിനി കൂപ്പർ അപകടം: കസ്റ്റഡി കാലാവധി അവസാനിച്ചു, സുഹൈലിന്റെ ജാമ്യാപേക്ഷ നാളെ പരി​ഗണിക്കും; കോടതി നിലപാട് അറിഞ്ഞശേഷം കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും; കൂടുതൽ ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണ സംഘം

· · 1 min read
Share: Copied!

കൊച്ചി: നെടുമ്പാശേരി മിനി കൂപ്പർ അപകടക്കേസിൽ പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷ സെഷൻസ് കോടതി നാളെ പരിഗണിക്കും. പ്രതിയുടെ റിമാൻഡ് കാലാവധി അവസാനിക്കാനിരിക്കെയാണ് ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്. കോടതിയുടെ നിലപാട് അറിഞ്ഞശേഷം കുടുംബാംഗങ്ങളുടെ മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അപകടത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകളിലെത്തി ബന്ധുക്കളിൽനിന്നും മൊഴിയെടുക്കും.

അപകടസമയത്ത് സുഹൈൽ മിനി കൂപ്പർ ഓടിക്കുന്നതടക്കമുള്ള കൂടുതൽ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കേസിൽ സുഹൈലിനൊപ്പം സഹയാത്രികരായ നിനവ്, ജോയൽ, അമീർ എന്നിവരും പ്രതികളാണ്. നാലുപേരുടെയും ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

സുഹൈൽ മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്ന് രക്തപരിശോധനയിൽ വ്യക്തമായതായി അന്വേഷണ സംഘം അറിയിച്ചു. വാഹനത്തിലുണ്ടായിരുന്ന സഹയാത്രികർ സുഹൈലിനെ വാഹനം ഓടിക്കുന്നതിൽനിന്ന് തടയുകയോ ഇടപെടുകയോ ചെയ്തില്ലെന്നാണ് പൊലീസിന്റെ ആരോപണം. അപകടവുമായി ബന്ധപ്പെട്ട ദൃക്സാക്ഷിമൊഴികളും സിസിടിവി ദൃശ്യങ്ങളും അന്വേഷണത്തിൽ നിർണായകമാണ്.

അപകടത്തിന് തൊട്ടുമുമ്പുള്ള നിർണായക വിവരങ്ങൾ ഭിക്കാവുന്ന വാഹനത്തിലെ ഇവന്റ് ഡാറ്റാ റെക്കോഡറിന്റെ ശാസ്ത്രീയ പരിശോധന ഇതുവരെ പൂർത്തിയായിട്ടില്ല. ഈ സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷകൾ തള്ളിയത്.

ജാമ്യം ലഭിച്ചാൽ പ്രതികൾ ഒളിവിൽ പോകാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദവും കോടതി പരിഗണിച്ചിരുന്നു. അതേസമയം, പൊലീസ് കസ്റ്റഡിയും തെളിവെടുപ്പും പൂർത്തിയായ സാഹചര്യത്തിൽ 19 വയസ്സുള്ള പ്രതികളെ ഇനിയും ജയിലിൽ തുടരാൻ നിർബന്ധിക്കരുതെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല. സെഷൻസ് കോടതിയുടെ തുടർനിലപാട് കേസിൽ നിർണായകമാകും.

ഒക്ടോബർ 11ന് പുലർച്ചെ അപകടമുണ്ടായ വിമാനത്താവള റോഡിൽ പൊലീസ് നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു. റോഡിന്റെ രൂപകൽപ്പനയും നിർമാണവും അപകടത്തിന് കാരണമായിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളാണ് പരിശോധിച്ചത്. മോട്ടോർ വാഹനവകുപ്പ്, റോഡ് പരിപാലന ചുമതലയുള്ള സിയാൽ, പൊതുമരാമത്ത് വകുപ്പ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു.

റോഡിൽ വാഹനങ്ങളുടെ വേഗം നിയന്ത്രിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കണമെന്നും രാത്രിയിലും വാഹനങ്ങളുടെ നമ്പർ വ്യക്തമായി പതിയുന്ന ക്യാമറകൾ സ്ഥാപിക്കണമെന്നും പൊലീസ് സിയാലിനോട് നിർദേശിച്ചിട്ടുണ്ട്. അപകടത്തിന്റെ കാരണങ്ങൾ കണ്ടെത്തുന്നതിനൊപ്പം സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള സുരക്ഷാ നടപടികളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചുവരികയാണ്.

BREAKING NEWS
“സർ ഞങ്ങളുടെ മകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു, കമ്പത്താണെന്ന് മാത്രം അറിയാം എന്തെങ്കിലും ചെയ്തില്ലെങ്കിൽ അവൻ മരിച്ചുപോകും; രക്ഷിക്കണം“- ആ കണ്ണുനീരിന് ഒന്നരമണിക്കൂറിനുള്ളിൽ പരിഹാരം കണ്ടെത്തി പോലീസ്; യുവാവിന് പുതു ജന്മം
25 Oct 2026
BREAKING NEWS
“സി.പി.എം. തേഞ്ഞുതേഞ്ഞ്‌ ഇല്ലാതാവുകയാണ്; മണ്ണാർക്കാട്ട് എന്റെ സ്വാധീനം ഓരോ മണൽത്തരിയിലുമുണ്ട്. അതില്ലാതാക്കാൻ സി.പി.എമ്മിലെ പുതിയ വേതാളങ്ങൾക്കാവില്ല; എന്നെ തെറിപറഞ്ഞതുകൊണ്ട് നിങ്ങൾ രക്ഷപ്പെടുമോ?“- പി.കെ ശശി
25 Oct 2026
BREAKING NEWS
’നദി കടക്കാൻ സഹായിച്ച ചങ്ങാടം തലയിലേറ്റി നടക്കേണ്ടതുണ്ടോ; ’അറക്കൽ ബീവിയെ കെട്ടാൻ അരസമ്മതം പോരല്ലോ’; ; പി.പി. ദിവ്യയെ ബിജെപിയിലേക്ക് ക്ഷണിച്ച പരാമർശം; പി.കെ. കൃഷ്ണദാസിനെച്ചൊല്ലി പാർട്ടിയിൽ അതൃപ്തി
25 Oct 2026
BREAKING NEWS
കെഎസ്ആർടിസി ബസിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം; ​​​ദൃശ്യങ്ങൾ പ്രചരിച്ചു; പക്ഷേ പ്രതിയെ കിട്ടിയില്ല, മുങ്ങി; താടിയും മീശയും വളർത്തി രൂപമാറ്റം വരുത്തി ഒളിവിൽ കഴിഞ്ഞു, 11 മാസത്തിനുശേഷം ചെന്നൈയിൽ നിന്നും പൊക്കി കേരള പോലീസ്
25 Oct 2026