കോഴിക്കോട്: ചിക്കൻ ബിരിയാണിയിൽ കോഴിത്തൂവൽ കണ്ടെത്തിയെന്ന പരാതിയിൽ കോഴിക്കോട് അരയിടത്തുപാലത്തിന് സമീപമുള്ള സാഗർ ഹോട്ടലിനെതിരെ നടപടി. കോർപ്പറേഷൻ ആരോഗ്യവിഭാഗം ഹോട്ടലിന് നോട്ടീസ് നൽകി. വെങ്ങാലി സ്വദേശി റെനീഷ് നൽകിയ പരാതിയിലാണ് നടപടി. സംഭവത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പും കോർപ്പറേഷനും തുടർനടപടികൾ സ്വീകരിക്കും.
കഴിഞ്ഞദിവസമാണ് റെനീഷ് സാഗർ ഹോട്ടലിൽനിന്ന് ചിക്കൻ ബിരിയാണി വാങ്ങിയത്. ബിരിയാണി പ്ലേറ്റിലേക്ക് മാറ്റുന്നതിനിടെ ഇറച്ചിയിൽ കോഴിത്തൂവൽ പറ്റിപ്പിടിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻതന്നെ ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ റെനീഷ് ഹോട്ടൽ അധികൃതരെ വിവരമറിയിച്ചു. എന്നാൽ, സംഭവം ഗൗരവമായി കാണാതെ നിസ്സാരവത്കരിക്കുകയാണ് അധികൃതർ ചെയ്തതെന്ന് റെനീഷ് ആരോപിച്ചു.
‘ഇതൊരു വലിയ സംഭവമാക്കേണ്ട’ എന്നായിരുന്നു ഹോട്ടൽ അധികൃതരുടെ പ്രതികരണമെന്നും ‘നിങ്ങൾക്ക് ചെയ്യാൻ സാധിക്കുന്നത് ചെയ്തോളൂ’ എന്ന് പറഞ്ഞതോടെയാണ് ബിരിയാണിയുമായി ഹോട്ടലിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതെന്നും റെനീഷ് പറഞ്ഞു. ഏകദേശം നാലുമണിക്കൂറാണ് അദ്ദേഹം ഹോട്ടലിന്റെ വാതിൽപ്പടിയിൽ ബിരിയാണിയുമായി പ്രതിഷേധിച്ചത്.
അതേസമയം, തെറ്റ് തങ്ങളുടെ ഭാഗത്തായതിനാൽ റെനീഷിനോട് മാപ്പുപറയുകയും കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തതായി ഹോട്ടൽ അധികൃതർ പറഞ്ഞു. എന്നാൽ, ഹോട്ടലിന്റെ പ്രവേശനകവാടത്തിൽ ഇരുന്നുള്ള പ്രതിഷേധം മറ്റ് ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും അധികൃതർ ആരോപിച്ചു.
സാഗർ ഹോട്ടലിലേക്ക് ചിക്കൻ വിതരണം ചെയ്യുന്ന സ്ഥാപനത്തിനെതിരെയും റെനീഷ് ആരോപണം ഉന്നയിച്ചിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട വകുപ്പുകളുടെ തുടർനടപടികൾക്കായി കാത്തിരിക്കുകയാണ്.