ന്യൂഡൽഹി: യുഡിഎഫ് സർക്കാരിന് പാർട്ടിക്കുള്ളിൽനിന്നോ മുന്നണിക്കുള്ളിൽനിന്നോ യാതൊരു സമ്മർദവുമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മുസ്ലിം ലീഗ് തനിക്കുമേൽ സമ്മർദം ചെലുത്തുന്നില്ലെന്നും ഇതുസംബന്ധിച്ച വാർത്തകളെല്ലാം മാധ്യമസൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് ദുർബലമായാൽ കേരളത്തിൽ ആ ഇടം തീവ്രശക്തികൾ കൈയടക്കുമെന്നും 1940-കളിലെ മുസ്ലിം ലീഗല്ല ഇന്നത്തെ കേരളത്തിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിൽ ഇന്ത്യൻ എക്സ്പ്രസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
യുഡിഎഫ് ഒറ്റക്കെട്ടായി ഒരു പാർട്ടിയെപ്പോലെ പ്രവർത്തിച്ചതാണ് കേരളത്തിലെ വിജയത്തിന് വഴിയൊരുക്കിയതെന്ന് വി.ഡി. സതീശൻ പറഞ്ഞു. മുന്നണിയുടെ ഈ കൂട്ടായ പ്രവർത്തനം ഇപ്പോഴും തുടരുകയാണ്. രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്ന പ്രവർത്തനശൈലിയാണിത്. സമൂഹമാധ്യമങ്ങൾ എല്ലാം തീരുമാനിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ആർക്കുവേണമെങ്കിലും ആരെയും അപകീർത്തിപ്പെടുത്താനും കുറ്റക്കാരെ വെള്ളപൂശാനും സമൂഹമാധ്യമങ്ങളിലൂടെ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്തരം പ്രചാരണങ്ങൾക്ക് പിന്നാലെ പോയാൽ ഒന്നും ചെയ്യാൻ കഴിയില്ല. സ്വന്തം നിലപാടുകളിൽ വ്യക്തമായ ബോധ്യമുണ്ടായിരിക്കണം. തെറ്റുകൾ ചൂണ്ടിക്കാട്ടിയാൽ തിരുത്താൻ തയ്യാറാണ്. എല്ലാവർക്കും സംഭവിക്കുന്നതുപോലെ മാനുഷികമായ തെറ്റുകൾ തനിക്കും സംഭവിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നെങ്കിൽ രാഷ്ട്രീയത്തിൽനിന്ന് വിരമിക്കുമായിരുന്നുവെന്നും വി.ഡി. സതീശൻ വെളിപ്പെടുത്തി.
നയപരമായ വിഷയങ്ങൾ പാർട്ടിയുമായി ചർച്ച ചെയ്യാറുണ്ടെങ്കിലും ദൈനംദിന ഭരണകാര്യങ്ങളിൽ അത്തരമൊരു കൂടിയാലോചന സാധ്യമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭയിൽ തന്നെ മുതിർന്ന നേതാക്കളുള്ളതിനാൽ ഭരണപരമായ തീരുമാനങ്ങളെല്ലാം നേതാക്കളോടും മന്ത്രിമാരോടും കൂടിയാലോചിച്ച ശേഷമാണ് എടുക്കുന്നത്.
കേന്ദ്ര സർക്കാരുമായി സംസ്ഥാന സർക്കാർ യുദ്ധം പ്രഖ്യാപിച്ചിട്ടില്ലെന്നും ഭരണപരമായ വിഷയങ്ങളിൽ കേന്ദ്രവുമായി സഹകരിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ബിജെപിയെ പ്രത്യയശാസ്ത്രപരമായി എതിർക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.