പത്തനംതിട്ട: അപകീർത്തിക്കേസും 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള വക്കീൽ നോട്ടീസും വന്നതിന് പിന്നാലെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ഉദയഭാനുവിന്റെ പരാതിയിൽ ശ്രീനാദേവിക്കെതിരെ അടൂർ പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പോസ്റ്റ്.
പാലക്കാട് മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെട്ട വിവാദങ്ങൾക്കു പിന്നാലെയാണ് ഇരുവരും തമ്മിലുള്ള സൈബർ പോര് ആരംഭിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിനെ ഉദയഭാനു വിമർശിച്ചതിന് പിന്നാലെ ശ്രീനാദേവി കുഞ്ഞമ്മ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റാണ് വിവാദമായത്. സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് ഉദയഭാനു നിയമനടപടികളിലേക്ക് കടന്നത്.
ഉദയഭാനു പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഒരു വനിതാ ജീവനക്കാരിയുടെ വീട്ടിൽ സന്ദർശനം നടത്തിയെന്നായിരുന്നു ശ്രീനാദേവിയുടെ ഫേസ്ബുക്ക് പോസ്റ്റിലെ പരാമർശം. ഉദയഭാനു ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ചും പോസ്റ്റിൽ പരാമർശിച്ചിരുന്നു. ഇതിനെതിരെയാണ് ഉദയഭാനു വക്കീൽ നോട്ടീസ് അയച്ചത്.
വിവാദ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കണമെന്നും തെറ്റായ വിവരങ്ങൾ പങ്കുവെച്ചതിന് മാപ്പ് എഴുതി നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 15 ദിവസത്തിനകം മറുപടി നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്. അപകീർത്തിപ്പെടുത്തിയെന്ന ആരോപണത്തിൽ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഉദയഭാനുവിന്റെ പരാതിയിൽ ശ്രീനാദേവിക്കെതിരെ അടൂർ പോലീസാണ് കേസെടുത്തത്. പൊതുപ്രവർത്തനത്തെ അപകീർത്തിപ്പെടുത്തിയെന്നും ലൈംഗിക അരാജകത്വത്തോടെ ജീവിക്കുന്ന വ്യക്തിയാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെന്നുമുള്ള ആരോപണങ്ങൾ എഫ്ഐആറിലുണ്ട്. അതിനിടെയാണ് പുതിയ പോസ്റ്റ്. സിപിഐ വിട്ട് കോൺഗ്രസിലെത്തിയ നേതാവാണ് ശ്രീനാദേവി കുഞ്ഞമ്മ.