തിരുവനന്തപുരം: എസ്എംഎ രോഗികൾക്കുള്ള ഇന്ത്യൻ നിർമിത മരുന്നുമായി ബന്ധപ്പെട്ട വിവാദത്തിൽ ആരോഗ്യമന്ത്രി കെ. മുരളീധരനോട് ആറ് ചോദ്യങ്ങളുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ക്ലിനിക്കൽ പരീക്ഷണങ്ങൾക്കുള്ളതായി രേഖപ്പെടുത്തിയ മരുന്നുകൾ എങ്ങനെ ആശുപത്രിയിലെത്തിയെന്നും പ്രശ്നമില്ലെങ്കിൽ എന്തിനാണ് മരുന്ന് പിൻവലിച്ചതെന്നും ഉൾപ്പെടെയുള്ള ചോദ്യങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. മരുന്നുമായി ബന്ധപ്പെട്ട് ഉയർന്ന ആശങ്കകൾക്ക് ആരോഗ്യമന്ത്രി കൃത്യമായ മറുപടി നൽകുന്നില്ലെന്നും ഗോവിന്ദൻ വിമർശിച്ചു.
എം.വി. ഗോവിന്ദൻ ആരോഗ്യമന്ത്രിയോട് ഉന്നയിച്ച ആറ് ചോദ്യങ്ങൾ:
1. ക്ലിനിക്കൽ പരീക്ഷണങ്ങൾക്കുള്ള മരുന്നുകൾ എങ്ങനെയാണ് ആശുപത്രിയിലെത്തിയത്?
2. മരുന്നിന് കുഴപ്പമില്ലെങ്കിൽ എന്തിനാണ് പിൻവലിച്ചത്?
3. മരുന്നിന്റെ ക്ലിനിക്കൽ പരിശോധന പൂർത്തിയായിട്ടുണ്ടോ? രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നോ?
4. മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മരുന്നിന്റെ ഗുണനിലവാര പരിശോധന നടത്തിയിട്ടുണ്ടോ?
5. ടെൻഡർ വിളിക്കാൻ കാലതാമസം വന്നത് എന്തുകൊണ്ട്? ഒരു കമ്പനിക്ക് മാത്രം പ്രത്യേക ഇളവ് നൽകിയത് എന്തിനാണ്?
6. കുട്ടികൾക്ക് പാർശ്വഫലങ്ങളുണ്ടായാൽ ആരാണ് ഉത്തരവാദിത്വം ഏറ്റെടുക്കുക?
ആരോഗ്യമന്ത്രിക്കെതിരെ ഇന്നലെ ആരോപണം ഉയർത്തിയ 3 സി പി എം മുൻ ആരോഗ്യമന്ത്രിമാരെ കെ മുരളീധരൻ അധിക്ഷേപിച്ചുവെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ സി പി എം സംസ്ഥാന സെക്രട്ടറി വിമർശനം ഉന്നയിച്ചു. ആരോഗ്യമന്ത്രി ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുകയാണ്. മറുപടി ഇല്ലാത്തതിനാലാണ് പി കെ ശ്രീമതിയെയും കെ കെ ശൈലജയെയും വീണ ജോർജിനെയും മുരളീധരൻ ചീത്ത പറഞ്ഞത്. അദ്ദേഹം ഉപയോഗിച്ച പദം ഞാനിവിടെ പറയുന്നില്ല. വൃത്തികെട്ട രീതിയിലാണ് ആരോഗ്യമന്ത്രി നിലപാടെടുത്തതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
അതേസമയം, എസ്എംഎ രോഗികൾക്കുള്ള ഇന്ത്യൻ നിർമിത മരുന്നിനെതിരെ മുൻ ആരോഗ്യമന്ത്രിമാർ ഉന്നയിച്ച ആരോപണങ്ങളെ ആരോഗ്യമന്ത്രിയും വിദഗ്ധരും തള്ളിയിരുന്നു. ജനറിക് മരുന്നുകൾക്ക് ബയോഇക്വലൻസ് പരിശോധന ആവശ്യമില്ലെന്നാണ് വിദഗ്ധരുടെ വിശദീകരണമെന്നാണ് മന്ത്രിയുടെ പക്ഷം. വിവാദത്തിനു പിന്നിൽ മരുന്ന് കമ്പനിയുടെ ഇടപെടലുണ്ടാകാമെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
നാറ്റ്കോ കമ്പനി ആരോഗ്യമന്ത്രിയുടെ ഓഫീസിലെത്തി പണം നൽകിയെന്ന ആരോപണവും സിപിഎം മുൻ ആരോഗ്യമന്ത്രിമാർ ഉന്നയിച്ചിരുന്നു. മരുന്നിന്റെ ബയോഇക്വലൻസ് പരിശോധന നടത്തിയില്ലെന്നതടക്കമുള്ള കാര്യങ്ങളും അവർ ചൂണ്ടിക്കാട്ടി. ആരോപണങ്ങളും വിശദീകരണങ്ങളും നിലനിൽക്കെ, മരുന്നിന്റെ സുരക്ഷ, ഗുണനിലവാര പരിശോധന, വിതരണ നടപടികൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ തുടരുകയാണ്.