രാജസ്ഥാൻ: ഗർഭിണിയായ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ പ്രസവിച്ച നവജാത ശിശു മരിച്ചു. രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് ക്രൂരമായ സംഭവം. പെൺകുട്ടി നവജാത ശിശുവുമായി ആശുപത്രിയിലെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഒരു സംഘം യുവാക്കൾ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഡൽഹി–മുംബൈ എക്സ്പ്രസ്വേയ്ക്ക് സമീപമുള്ള വിജനമായ സ്ഥലത്തെത്തിച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. അതിക്രമത്തിനിടെ പ്രസവവേദന അനുഭവപ്പെട്ട പെൺകുട്ടി അവിടെവെച്ചുതന്നെ കുഞ്ഞിന് ജന്മം നൽകി. പ്രസവിച്ച ഉടൻ കുഞ്ഞ് മരിച്ചതായാണ് പെൺകുട്ടി മൊഴി നൽകിയതെന്ന് പൊലീസ് അറിയിച്ചു.
പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതികളിലൊരാളെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി എങ്ങനെ ഗർഭിണിയായെന്നതടക്കമുള്ള കാര്യങ്ങളിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.