ടെഹ്റാൻ: ഇറാൻ സന്ദർശനത്തിനെത്തിയ പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീറിന് ഇറാനിൽ തണുത്ത സ്വീകരണം ലഭിച്ചെന്നും കൂടിക്കാഴ്ചയ്ക്കിടെ ഇറാന്റെ സുരക്ഷാ കൗൺസിൽ മേധാവി മൊഹ്സെൻ റെസായി കടുത്ത നിലപാട് സ്വീകരിച്ചെന്നും റിപ്പോർട്ടുകൾ. ബുധനാഴ്ച നടന്ന കൂടിക്കാഴ്ചയ്ക്കിടെ മുനീറിനോട് വിമാനത്തിൽ തിരിച്ചുപോകാൻ ആവശ്യപ്പെട്ടതായും മാധ്യമ റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. എന്നാൽ, മുനീറിനോട് ഇത്തരമൊരു നിർദേശം നൽകിയെന്ന കാര്യം സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല.
ലെബനീസ് പത്രമായ അൽ അഖ്ബറിന്റെ റിപ്പോർട്ട് പ്രകാരം, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അന്ത്യശാസനവുമായാണ് മുനീർ ഇറാനിലെത്തിയത്. ഇറാന്റെ ആണവ പദ്ധതിയിൽ പൂർണമായ വിട്ടുവീഴ്ച വേണമെന്നായിരുന്നു അമേരിക്കയുടെ ആവശ്യമെന്നാണ് റിപ്പോർട്ട്. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകളിൽ ടെഹ്റാൻ കൂടുതൽ വഴക്കം കാണിക്കണമെന്നും മുനീർ ആവശ്യപ്പെട്ടതായി ഇറാൻ ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തു.
എന്നാൽ, അമേരിക്കയുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതിന് പകരം വാഷിങ്ടൺ ഇറാൻ മുന്നോട്ടുവെച്ച ഏഴ് വ്യവസ്ഥകൾ അംഗീകരിക്കണമെന്ന നിലപാടാണ് ഇറാൻ സ്വീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം രാജ്യത്തിന് പുറത്തേക്ക് മാറ്റാൻ അനുവദിക്കില്ലെന്നും അമേരിക്കയുടെ ആവശ്യങ്ങൾ അംഗീകരിച്ച ശേഷമേ സമാധാന ചർച്ചകൾ പുനരാരംഭിക്കൂവെന്നും ഇറാൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
മുനീറും റെസായിയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ദൃശ്യങ്ങളും ചർച്ചയായിട്ടുണ്ട്. ഇരുവരുടെയും ശരീരഭാഷ വിശകലനം ചെയ്ത സിഎൻഎൻ-ന്യൂസ്18, റിപ്പോർട്ട് ചെയ്തു. സാധാരണ നയതന്ത്ര കൂടിക്കാഴ്ചകളിൽ കാണാറുള്ള സൗഹൃദപരമായ ഇടപെടലുകൾ ദൃശ്യങ്ങളിൽ പ്രകടമായിരുന്നില്ലെന്നാണ് വിലയിരുത്തൽ. റെസായി സംയമനം പാലിച്ച നിലപാടിലായിരുന്നു. അതേസമയം, സംഭാഷണത്തിനിടെ മുനീർ റെസായിയുടെ ഭാഗത്തേക്ക് ചാഞ്ഞ് നിൽക്കുന്നതായി ദൃശ്യങ്ങളിൽ കാണാമായിരുന്നു. ഇരുവരും ദീർഘനേരം ഹസ്തദാനം ചെയ്യുന്നതോ ആലിംഗനം ചെയ്യുന്നതോ ദൃശ്യങ്ങളിൽ ഉണ്ടായിരുന്നില്ല. ഈ ദൃശ്യങ്ങൾ സ്വീകരണത്തിന്റെ സ്വഭാവത്തെക്കുറിച്ച് ചർച്ചകൾക്ക് വഴിവെച്ചെങ്കിലും, ശരീരഭാഷ മാത്രം അടിസ്ഥാനമാക്കി കൂടിക്കാഴ്ചയുടെ യഥാർഥ അന്തരീക്ഷം നിർണയിക്കാനാകില്ല.
ഇതിനിടെ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായും പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഗാലിബാഫുമായും മുനീർ ഉന്നതതല ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ, അമേരിക്കയുടെ സന്ദേശത്തോട് ഇറാൻ അനുകൂല നിലപാട് സ്വീകരിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മുനീറുമായുള്ള കൂടിക്കാഴ്ചയിൽ ഇറാന് പുതിയതായി ഒന്നും പറയാനില്ലെന്ന് ഗാലിബാഫ് വ്യക്തമാക്കിയതായി റിപ്പോർട്ടുണ്ട്. അമേരിക്കയുടെ സന്ദേശം കൈമാറിയതുകൊണ്ട് ഇറാന്റെ നിലപാടിൽ മാറ്റമുണ്ടാകില്ലെന്ന സൂചനയായാണ് ഈ പ്രതികരണം വിലയിരുത്തപ്പെടുന്നത്. അതേസമയം അമേരിക്കയുടെ ഭാഗത്തുനിന്നുള്ള മുന്നറിയിപ്പ് മുനീർ റെസായിയെ അറിയിച്ചതായും അൽ അഖ്ബർ റിപ്പോർട്ട് ചെയ്യുന്നു. വാഷിങ്ടണിന്റെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്കെതിരെ വ്യാപകമായ ആക്രമണം ഉണ്ടായേക്കാമെന്നായിരുന്നു മുന്നറിയിപ്പെന്നാണ് റിപ്പോർട്ട്. പർവതത്തിനുള്ളിലെ ആണവ കേന്ദ്രമായി അറിയപ്പെടുന്ന പിക്കാക്സ് മൗണ്ടൻ (Pickaxe Mountain) കേന്ദ്രവും ആക്രമണസാധ്യതയുള്ള ലക്ഷ്യങ്ങളിൽ ഉൾപ്പെടുത്തിയതായാണ് അവകാശവാദം.
ഇറാന്റെ ആണവ പദ്ധതിയെച്ചൊല്ലിയുള്ള തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് മുനീറിന്റെ സന്ദർശനം നടന്നത്. അമേരിക്കയുടെയും ഇറാന്റെയും നിലപാടുകൾക്കിടയിൽ മധ്യസ്ഥശ്രമങ്ങൾ നടത്താൻ പാക്കിസ്ഥാൻ ശ്രമിക്കുന്നതിനിടെയാണ് ഈ കൂടിക്കാഴ്ചകൾ. എന്നാൽ, മുനീർ കൈമാറിയതായി പറയപ്പെടുന്ന സന്ദേശത്തോട് ഇറാൻ വഴങ്ങിയെന്ന സൂചനകളില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
അതേസമയം, മുനീറിനോട് വിമാനത്തിൽ തിരിച്ചുപോകാൻ ആവശ്യപ്പെട്ടെന്ന അവകാശവാദവും അമേരിക്കയുടെ ഭാഗത്തുനിന്ന് വ്യാപകമായ ആക്രമണത്തിനുള്ള അന്ത്യശാസനം നൽകിയെന്ന വിവരവും ലഭ്യമായ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ അവകാശവാദങ്ങൾക്ക് സ്വതന്ത്രമായ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
Iran’s security chief Mohsen Rezaei took a tough line with Pakistan’s Asim Munir today: “Not even a particle of enriched nuclear material will leave Iran.”
He also ruled out talks until the US builds trust by meeting Tehran’s previously stated 7 conditions. https://t.co/VCwmr2fz50
— Sina Toossi (@SinaToossi) October 20, 2026