ന്യൂഡൽഹി: ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ അഭിപ്രായം പറയാനില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഇന്ത്യയിലെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട പൊലീസ് നടപടികളിൽ അതൃപ്തി അറിയിക്കണമെന്ന ആവശ്യത്തിനിടെയാണ് റൂബിയോയുടെ പ്രതികരണം. പ്രതിഷേധങ്ങൾക്കെതിരായ നടപടികളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച യുഎൻ മനുഷ്യാവകാശ വിദഗ്ധരുടെ സംയുക്ത പ്രസ്താവനയെയും അദ്ദേഹം വിമർശിച്ചു. അവരുടെ നിലപാട് ഇരട്ടത്താപ്പാണെന്നും റൂബിയോ ആരോപിച്ചു.
ഇന്ത്യ ജനാധിപത്യ രാജ്യമാണെന്നും ഇവിടെ സ്വതന്ത്ര തിരഞ്ഞെടുപ്പുകൾ നടക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയ റൂബിയോ, രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയുന്നത് ഉചിതമല്ലെന്ന നിലപാടാണ് സ്വീകരിച്ചത്.
റൂബിയോ ഇന്ത്യ സന്ദർശിക്കുമ്പോൾ പ്രതിഷേധങ്ങൾക്കെതിരായ പൊലീസ് നടപടികളിൽ അതൃപ്തി അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ആറ് യുഎസ് കോൺഗ്രസ് അംഗങ്ങൾ നേരത്തേ കത്തയച്ചിരുന്നു. ഇന്ത്യയിലെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ യുഎസ് നിലപാട് വ്യക്തമാക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.
അതേസമയം, റൂബിയോയുടെ പ്രതികരണത്തെ കോൺഗ്രസ് വിമർശിച്ചു. റൂബിയോയുടെ നിലപാടിനെ പരിഹസിച്ച കോൺഗ്രസ് വക്താവ് പവൻ ഖേര, വെള്ളക്കാരന്റെ വാക്കുകൾക്ക് ആരാണ് വിലകൽപ്പിക്കുന്നതെന്ന് ചോദിച്ചു.