കൊല്ലം: ചവറയിൽ വിദ്യാർഥിയെ ക്രൂരമായി മർദിച്ച് ആ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ അഞ്ച് പേർ പിടിയിൽ. ചവറ സ്വദേശി സ്റ്റീഫൻ ഷീൻ (18), ചെറുശ്ശേരിഭാഗം സ്വദേശി ഡാനിഷ് (26) എന്നിവരും പ്രായപൂർത്തിയാകാത്ത മൂന്ന് പേരുമാണ് അറസ്റ്റിലായത്.
വിദ്യാർഥിയെ മർദിക്കുന്നതിനിടെ ആ ദൃശ്യങ്ങൾ പകർത്തി പ്രതികൾ ഇൻസ്റ്റഗ്രാം വഴി പ്രചരിപ്പിക്കുകയായിരുന്നു. ഒക്ടോബർ 17ന് രാത്രി പന്മന പോരൂക്കരയിലെ ദേശീയപാതയിലായിരുന്നു സംഭവം. കൊല്ലം തേവലക്കര പാലക്കൽ സ്വദേശിയായ 16കാരനാണ് ക്രൂരമായി മർദനമേറ്റത്. വിദ്യാർഥികൾ തമ്മിലുള്ള മുൻവൈരാഗ്യമാണ് അക്രമത്തിന് കാരണമായത്. സംഭവത്തിൽ 12 പേർക്കെതിരെ നേരത്തെ ചവറ പോലീസ് കേസെടുത്തിരുന്നു.