കണ്ണൂർ; തളിപ്പറമ്പിലും പയ്യന്നൂരിലും സ്ഥാനാർഥി നിർണയത്തിലുണ്ടായ വീഴ്ച നേതൃത്വം സ്വയംവിമർശനമായി ഉൾക്കൊണ്ടിട്ടുണ്ടെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ. ഇതുവരെ പറ്റിയ വീഴ്ചകൾ പരിഹരിച്ചു മുന്നോട്ടുപോകണമെന്ന് സിപിഎം വിശാല ജില്ലാകമ്മിറ്റി യോഗത്തിലെ മറുപടി പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. അതുപോലെ ഭരണതലത്തിൽ വിവാദമായ പിഎം ശ്രീ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പാർട്ടി യഥാസമയം കൈക്കൊണ്ട കാര്യങ്ങൾ വിശദീകരിച്ചു.
അതേസമയം മേൽകമ്മിറ്റികളെ പ്രതിനിധീകരിച്ച് പിണറായി മാത്രമേ ചർച്ചയിലെ വിമർശനങ്ങൾക്കു മറുപടി പറഞ്ഞുള്ളൂ. ജില്ലാ നേതൃത്വത്തിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷും മറുപടി പറഞ്ഞു. മണ്ഡലം പിടിച്ചെടുക്കുകയെന്ന ഉദ്ദേശത്തോടെയാണ് കെ.കെ. ശൈലജയെ പേരാവൂരിൽ സ്ഥാനാർഥിയാക്കിയത്. അതുപോലെ പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർഥി നിർണയത്തിൽ വീഴ്ച സംഭവിച്ചുവെന്നും രാഗേഷ് വിശദീകരിച്ചു. കൂടാതെ പ്രവർത്തകർക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നൽകുന്നത് ഉൾപ്പെടെയുള്ള പാർട്ടിയുടെ പ്രവർത്തനം സജീവമാക്കാൻ 36 ഇന പ്രവർത്തന പദ്ധതികളാണു യോഗം ആവിഷ്കരിച്ചു.
ജില്ലാ സെക്രട്ടറിയെന്ന നിലയിൽ വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും അതിൽവന്ന വീഴ്ചകൾ സ്വയംവിമർശനപരമായി ഉൾക്കൊണ്ടിട്ടുണ്ടെന്നും കെ.കെ.രാഗേഷ് പറഞ്ഞു. വ്യക്തിപരമായി നിർവഹിക്കേണ്ട ചുമതലകളിലുണ്ടായ വീഴ്ച പരിഹരിച്ച് മുന്നോട്ടു പോകും. വിമർശനങ്ങളെയും സ്വയംവിമർശനത്തെയും പ്രോത്സാഹിപ്പിക്കുന്ന പാർട്ടിയാണ് സിപിഎം. നേതൃത്വത്തെ രാഷ്ട്രീയ എതിരാളികൾ ആക്രമിക്കുന്നത് പാർട്ടിയെ തകർക്കാനാണ്. എല്ലാം തികഞ്ഞ ആളല്ല താനെന്നും പിഴവ് ചൂണ്ടിക്കാട്ടിയാൽ തിരുത്തുമെന്നും രാഗേഷ് പറഞ്ഞു. എതിരാളികൾ ആസൂത്രിതമായി ആക്രമിക്കുന്ന നിലയുണ്ട്. അക്കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്താനാണു ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.