റിയാദ്: സൗദി അറേബ്യയിൽ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി അമേരിക്കൻ എംബസി. വിമാനത്താവളങ്ങൾ അടച്ചിടുന്നതും വിമാന സർവീസുകൾ തടസ്സപ്പെടുന്നതും ഉൾപ്പെടെയുള്ള സാഹചര്യമുണ്ടാകാമെന്ന് ഒക്ടോബർ 18ന് പുറത്തിറക്കിയ സുരക്ഷാ അറിയിപ്പിൽ അമേരിക്കൻ ദൗത്യസംഘം വ്യക്തമാക്കി. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവെച്ചതായും ജിദ്ദ, ദമ്മാം വിമാനത്താവളങ്ങളിൽ ചില സർവീസുകൾ വൈകുകയും റദ്ദാക്കപ്പെടുകയും ചെയ്യുന്നുണ്ടെന്നും അറിയിപ്പിൽ പറയുന്നു.
യാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്നും യാത്ര പുറപ്പെടുന്നതിന് മുമ്പ് വിമാനക്കമ്പനികളുമായും വിമാനത്താവള അധികൃതരുമായും ബന്ധപ്പെട്ട് സർവീസുകളുടെ നിലവിലെ സ്ഥിതി ഉറപ്പാക്കണമെന്നും എംബസി നിർദേശിച്ചു. സുരക്ഷാ മുന്നറിയിപ്പുകൾ നിരീക്ഷിക്കുകയും പ്രാദേശിക അധികൃതരുടെ നിർദേശങ്ങൾ പാലിക്കുകയും വേണമെന്നും അറിയിച്ചു.
ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളവും ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളവും പ്രവർത്തിക്കുന്നുണ്ടെങ്കിലും സർവീസുകളിൽ കാലതാമസവും റദ്ദാക്കലുകളും ഉണ്ടാകാമെന്നാണ് മുന്നറിയിപ്പ്. മേഖലയിൽ ആക്രമണഭീഷണി തുടരുന്നതിനാൽ വ്യോമപാതകൾ വീണ്ടും അടച്ചിടാനും വിമാനയാത്രകൾ തടസ്സപ്പെടാനും സാധ്യതയുണ്ടെന്നും എംബസി വ്യക്തമാക്കി.
വിമാനയാത്രയ്ക്ക് പകരമായി സ്വകാര്യ കാറുകൾ, ട്രെയിനുകൾ, ബസുകൾ എന്നിവ ഉപയോഗിക്കാമെന്നും അറിയിപ്പിൽ പറയുന്നു. ബഹ്റൈനിലേക്കുള്ള കിങ് ഫഹദ് കോസ്വേ ഉൾപ്പെടെയുള്ള കര അതിർത്തികളും പ്രധാന ഹൈവേകളും പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. ബഹ്റൈൻ, ജോർദാൻ, ഒമാൻ, ഖത്തർ, യുഎഇ തുടങ്ങിയ അയൽരാജ്യങ്ങളിലെ വിമാനത്താവളങ്ങളും പ്രവർത്തിക്കുന്നുണ്ടെങ്കിലും യാത്രയ്ക്കുമുമ്പ് സർവീസുകളുടെ ലഭ്യത ഉറപ്പാക്കണം.
സൗദിയിൽ ജോലി ചെയ്യുന്ന അമേരിക്കൻ സർക്കാർ ജീവനക്കാർക്ക് റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം ഉപയോഗിക്കാൻ പ്രത്യേക അനുമതി ആവശ്യമാണ്. യമൻ അതിർത്തിയിൽനിന്ന് 20 മൈൽ ചുറ്റളവിലുള്ള പ്രദേശങ്ങളിലേക്കുള്ള യാത്രയ്ക്കും നിയന്ത്രണമുണ്ട്. ജിസാൻ, അസീർ, നജ്റാൻ പ്രവിശ്യകൾക്കു പുറമേ ഖത്തീഫ്, യൻബു, തായിഫ് എന്നിവിടങ്ങളിലേക്കുള്ള യാത്രകൾക്കും പ്രത്യേക അനുമതി വേണമെന്ന് അറിയിപ്പിൽ പറയുന്നു.
ഇറാന്റെ പിന്തുണയുള്ള ഹൂത്തി സേന സൗദി അറേബ്യയിൽ നടത്തിയ ആക്രമണങ്ങളും സിവിലിയൻ വിമാനത്താവളങ്ങളെയും നിർണായക അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട സംഭവങ്ങളും സുരക്ഷാ അറിയിപ്പിൽ പരാമർശിച്ചിട്ടുണ്ട്. മേഖലയിൽ സംഘർഷം രൂക്ഷമാകാനുള്ള സാധ്യത കണക്കിലെടുത്താണ് മുന്നറിയിപ്പ്.
മിസൈലുകളും ഡ്രോണുകളും തടഞ്ഞുവീഴ്ത്തുന്ന സംഭവങ്ങളുടെയോ അവ പതിക്കുന്ന സ്ഥലങ്ങളുടെയോ ദൃശ്യങ്ങൾ പകർത്തുകയോ പ്രസിദ്ധീകരിക്കുകയോ പങ്കുവെക്കുകയോ ചെയ്യരുതെന്നും അമേരിക്കൻ പൗരന്മാർക്ക് നിർദേശം നൽകിയിട്ടുണ്ട്. സർക്കാർ കെട്ടിടങ്ങൾ, വിമാനത്താവളങ്ങൾ, ആക്രമണം നടന്ന സ്ഥലങ്ങൾ എന്നിവയുടെ ചിത്രങ്ങൾ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമായേക്കാം. ഇത്തരം നിയന്ത്രണങ്ങൾ ലംഘിച്ചതിന് ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അറിയിപ്പിൽ പറയുന്നു.
സൗദി സിവിൽ ഡിഫൻസിന്റെ മൊബൈൽ സുരക്ഷാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണം, പ്രതിഷേധങ്ങളും വലിയ ജനക്കൂട്ടങ്ങളും ശക്തമായ പൊലീസ് സാന്നിധ്യമുള്ള പ്രദേശങ്ങളും ഒഴിവാക്കണം, മൊബൈൽ ഫോൺ ചാർജ് നിലനിർത്തണം തുടങ്ങിയ നിർദേശങ്ങളും എംബസി നൽകിയിട്ടുണ്ട്. വ്യോമാക്രമണമുണ്ടായാൽ ജനലുകളിൽനിന്നും ചില്ലുവാതിലുകളിൽനിന്നും അകന്നുള്ള സുരക്ഷിത സ്ഥലത്തേക്ക് മാറണമെന്നും ആക്രമണത്തിനുശേഷം വീണുകിടക്കുന്ന അവശിഷ്ടങ്ങളിൽനിന്ന് അകന്നുനിൽക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
അടിയന്തര സാഹചര്യങ്ങളിൽ സുരക്ഷാ വിവരങ്ങളും സഹായവും ലഭിക്കുന്നതിനായി അമേരിക്കൻ പൗരന്മാർ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ സ്മാർട്ട് ട്രാവലർ എൻറോൾമെന്റ് പ്രോഗ്രാമിൽ (STEP) രജിസ്റ്റർ ചെയ്യണമെന്നും എംബസി നിർദേശിച്ചു.