കോട്ടയം: മാസപ്പടി കേസിൽ പിണറായി വിജയനെതിരായ സർക്കാർ നിലപാടിനെച്ചൊല്ലി കോൺഗ്രസിൽ തന്നെ ഭിന്നത രൂക്ഷമാകുന്നതിനിടെ, ഉമ്മൻ ചാണ്ടിയുടെ ചിത്രമുള്ള ഫ്ലെക്സ് ബോർഡുകൾ കോട്ടയത്ത്. ‘ഒന്നും മറന്നിട്ടില്ല വിജയാ’, ‘ഞങ്ങളുടെ സാറിനോട് ചെയ്തതൊന്നും മറക്കാനാകില്ല ഞങ്ങൾക്ക്’, നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല എന്നീ വാചകങ്ങളാണ് ഫ്ലെക്സിലുള്ളത്.
നിലവില്ഡ കോട്ടയം ജില്ലയിലെ നാല് സ്ഥലങ്ങളിലാണ് ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. ഗാന്ധി സ്ക്വയറിലും ഡിസിസി ഓഫീസിന് സമീപത്തും ബോർഡുകളുണ്ട്. അതുപോലെ കോൺഗ്രസ് പ്രവർത്തകരുടെ പേരിലാണ് ഫ്ലെക്സുകൾ സ്ഥാപിച്ചിരിക്കുന്നത്.
മാസപ്പടി കേസിൽ പിണറായി വിജയനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേഗത്തിലാക്കേണ്ടതില്ലെന്ന സർക്കാർ തീരുമാനത്തിനെതിരെ കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ നേരത്തെ രംഗത്തെത്തിയിരുന്നു. ലൈംഗിക ആരോപണവുമായി ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്കും സിപിഎമ്മിനും മാസപ്പടി കേസിൽ പ്രത്യേക പരിഗണന നൽകുന്നത് എന്തിനാണെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗം ഉയർത്തുന്ന ചോദ്യം. മാത്രമല്ല ഉമ്മൻ ചാണ്ടിക്ക് ലഭിക്കാത്ത നീതി പിണറായി വിജയന് നൽകുന്നതെന്തിനെന്നും ഇവർ ചോദിക്കുന്നു.
അതേസമയം, ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കി ഉമ്മൻ ചാണ്ടിയുടെ മകനും പുതുപ്പള്ളി എംഎൽഎയുമായ ചാണ്ടി ഉമ്മൻ രംഗത്തെത്തിയിരുന്നു. യുഡിഎഫും എൽഡിഎഫും തമ്മിലുള്ള വ്യത്യാസം മനുഷ്യത്വമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് വീഡിയോയിൽ പറഞ്ഞു.
ഉമ്മൻ ചാണ്ടിയെ വേട്ടയാടിയെന്നും പിതാവിനോട് കാണിച്ചത് തികച്ചും അന്യായമായിരുന്നെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. എന്നാൽ, അതിനുള്ള മറുപടി മറ്റൊരാളെ വേട്ടയാടിക്കൊണ്ടാകരുതെന്നാണ് തന്റെ ഉറച്ച നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. ‘അത് ചെയ്തവർ അവരവരുടെ മനസാക്ഷിയോട് ചോദിക്കട്ടെ. പക്ഷേ അതിന്റെ ഉത്തരം മറ്റൊരാളെ വേട്ടയാടിക്കൊണ്ടല്ല. സർക്കാർ സമയം എടുത്ത് ചില കാര്യങ്ങൾ ചെയ്യുന്നതിൽ ഒരു തെറ്റുമില്ല’, ചാണ്ടി ഉമ്മൻ പറഞ്ഞു. ഇതിനിടെ, കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടനും ഈ വിഷയത്തിൽ വിമർശനം ഉന്നയിച്ചിരുന്നു. ഉമ്മൻ ചാണ്ടി ശിവരാജൻ കമ്മീഷന് മുന്നിൽ ഇരിക്കുന്ന ദൃശ്യം ഇപ്പോഴും മനസിലുണ്ടെന്നും അത് മാഞ്ഞുപോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.