ഹരിപ്പാട്: എന്തിനാടോ ഈയൊരു കൊടുംക്രൂരത… അവൻ ഈ ഭൂമിയിലുണ്ടായിരുന്നത് വെറും രണ്ടുവർഷം… ഒന്നു വയറുനിറച്ച് ഭക്ഷണം കിട്ടാതെ, പരിചരിക്കാൻ ആളില്ലാതെയാണ് കുഞ്ഞു രാഹുൽ വിട പറഞ്ഞത്. മരിക്കുമ്പോൾ കുഞ്ഞിന്റെ ശരീര ഭാരം വെറും 7 കിലോയായിരുന്നു. ആവശ്യത്തിന് ആഹാരമോ പരിചരണമോ ലഭിക്കാതെ രണ്ടു വയസുകാരൻ മരിക്കുമ്പോൾ അമ്മ അങ്ങ് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഏഴാമത്തെ കുഞ്ഞിന് ജന്മം നൽകിയിട്ട് മണിക്കൂറുകൾ പിന്നിടുന്നതേ ഉണ്ടായിരുന്നുള്ളൂ.
കാർത്തികപ്പള്ളി വില്ലേജിൽ വലിയകുളങ്ങര തൈമൂട്ടിൽ രാജേഷിന്റെയും താരയുടെയും മകനാണ് രാഹുൽ. കഴിഞ്ഞ ദിവസം രാവിലെ ഏഴരയോടെ വീടിനുള്ളിൽ അനക്കമറ്റു കിടന്ന കുഞ്ഞിനെ പിതാവ് രാജേഷ് സ്വന്തം ഓട്ടോറിക്ഷയിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനുമുൻപേ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ഇതിനിടെ പട്ടിണി മരണമെന്ന സംശയം ഉയർന്നതോടെ തൃക്കുന്നപ്പുഴ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി.
കുട്ടിക്ക് ആവശ്യമായ പരിചരണമോ, ഭക്ഷണമോ ലഭിക്കാത്തതിനെത്തുടർന്ന് കടുത്ത പോഷകാഹാരക്കുറവും വിളർച്ചയും അസാധാരണമായ ശരീരഭാരക്കുറവും ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. അതേസമയം ശരീരത്തിൽ സംശയാസ്പദമായ മുറിവുകളോ പരുക്കുകളോ ഇല്ല. ശനിയാഴ്ച ഉച്ചയ്ക്കാണ് പ്രസവവേദനയെത്തുടർന്ന് താരയെ ആശാ പ്രവർത്തകർ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. തുടർന്ന് ഇവർ ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു.
അതേസമയം അമ്മ പ്രസവത്തിനായി ആശുപത്രിയിലായതോടെ രാഹുൽ പിതാവ് രാജേഷിനൊപ്പമായിരുന്നു. പിതാവ് കുഞ്ഞിന്റെ സംരക്ഷണത്തിൽ ശ്രദ്ധ പുലർത്തിയില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്. മുൻപും ഇവരുടെ ഒരാൺകുഞ്ഞ് മരിച്ചിരുന്നു. കയ്യിൽനിന്ന് അബദ്ധത്തിൽ താഴെ വീണതിനെത്തുടർന്നാണ് കുട്ടി മരിച്ചതെന്നായിരുന്നു കുടുംബം അന്നു നൽകിയ വിശദീകരണം. മഴയിൽ വീട് തകർന്ന് പ്ലാസ്റ്റിക് ഷെഡിലാണ് കുടുംബം കഴിയുന്നത്. ജനപ്രതിനിധികളും ശിശുക്ഷേമസമിതിയും ഇടപെട്ട് ഇവരെ പത്തനാപുരം ഗാന്ധിഭവനിൽ എത്തിച്ചിരുന്നു. അവിടെ തുടരാൻ കുടുംബം വിസമ്മതിച്ചു. തുടർന്ന് സിഡബ്ല്യുസിയുടെ അനുമതിയോടെ വലിയകുളങ്ങരയിലെ കുടുംബവീട്ടിലേക്ക് മടങ്ങുകയായിരുന്നു.
കുട്ടിയുടെ സംരക്ഷണത്തിൽ വീഴ്ച വരുത്തിയതിന് പിതാവ് രാജേഷിനെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം നടപടിയെടുക്കുന്ന കാര്യങ്ങൾ പോലീസ് പരിശോധിക്കുകയാണ്. മൂന്നു വയസു മുതൽ പതിനൊന്ന് വയസുവരെ പ്രായമുള്ള ഇവരുടെ മറ്റ് നാല് പെൺകുട്ടികളെയും ശിശുക്ഷേമസമിതി ഏറ്റെടുത്ത് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. രാഹുലിന്റെ മൃതദേഹം വലിയകുളങ്ങരയിലെ കുടുംബവസ്തുവിൽ സംസ്കരിച്ചു.