തിരുവനന്തപുരം: കോവളത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ എത്തിച്ച് പീഡിപ്പിച്ച സ്പാ ഹെൽത്ത് ഇൻസ്പെക്ടറുടെ ബെനാമി സ്ഥാപനമെന്ന് സൂചന. സംഭവത്തിൽ പൂവാർ സ്വദേശി നിശാന്ത് (46), മാവേലിക്കര സ്വദേശി സജിത് കുമാർ (47) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. അതിൽ അറസ്റ്റിലായ നിശാന്തിന്റെ പിന്നിൽ ഹെൽത്ത് ഉദ്യോഗസ്ഥനാണെന്നാണ് പോലീസിനു കിട്ടയ വിവരം. നിശാന്തിന്റെ ഫോൺ പരിശോധിച്ചപ്പോഴാണ് ഹെൽത്ത് ഉദ്യോഗസ്ഥന്റെ ബെനാമി ഇടപാടുകളുടെ വിവരം ലഭിച്ചത്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ട്.
അതേസമയം പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ആന്ധ്ര സ്വദേശിയായ കുട്ടിയുടെ ബന്ധുക്കളും കേസിൽ പ്രതികളാണ്. പെൺകുട്ടി പ്രായപൂർത്തിയായതായി വ്യാജ രേഖയുണ്ടാക്കിയാണ് മാതൃസഹോദരിയും ഭർത്താവും കേരളത്തിലെത്തിച്ചത്. അമ്മയും അച്ഛനും മരിച്ചതിനാൽ കുട്ടിയുടെ സംരക്ഷണ ചുമതല ഇവർക്കായിരുന്നു. മാത്രമല്ല കുട്ടിയെ കേരളത്തിലെത്തിക്കുമ്പോൾ കയ്യിൽ 20 വയസുണ്ടെന്ന് തെളിയിക്കുന്ന ഒരു ആധാർ കാർഡുണ്ടായിരുന്നു. എന്നാൽ ഇത് വ്യാജമാണെന്ന് പോലീസ് കണ്ടെത്തി. ആന്ധ്രയിലേക്ക് മടങ്ങിയ ബന്ധുക്കളെ കണ്ടെത്താൻ കോവളം പോലീസ് അന്വേഷണം ആരംഭിച്ചു. പെൺകുട്ടി ജൂലൈ മുതൽ വിവിധ സ്പാകളിൽ ജോലി ചെയ്ത് വരികയായിരുന്നു. ഒരു സ്പായിലെ യുവാവുമായി കുട്ടി പ്രണയത്തിലാകുകയും അവിടെനിന്ന് ഓടിപ്പോകാൻ ശ്രമിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് പീഡനവിവരം പുറത്തറിയുന്നത്.
കൗൺസിലിങ്ങിൽ പെൺകുട്ടി പീഡന വിവരങ്ങൾ പറയുകയായിരുന്നു. അതേസമയം സംസ്ഥാന വ്യാപകമായി സ്പാകളിൽ പോലീസ് ഇന്ന് നടത്തിയ റെയ്ഡിൽ 14 കേസുകൾ റജിസ്റ്റർ ചെയ്തു. സംസ്ഥാനത്തെ 821 സ്ഥാപനങ്ങളിൽ 586 സ്പാകളെ പരിശോധനയ്ക്ക് വിധേയമാക്കി. 5 പേരെ അറസ്റ്റ് ചെയ്തു. ചട്ടങ്ങൾ പാലിക്കാത്ത 44 സ്പാകൾക്ക് നോട്ടീസ് നൽകുകയും ചെയ്തു.