തിരുവനന്തപുരം: തിരുവനന്തപുരത്ത് മരുന്ന് മാറി നൽകിയതിനെ തുടർന്ന് ഓട്ടിസം ബാധിച്ച യുവാവ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. ആണ്ടൂർകോണം സാമൂഹിക ആരോഗ്യ കേന്ദ്രത്തിനെതിരെയാണ് പരാതിയുയർന്നിരിക്കുന്നക്. അപസ്മാരത്തിനുള്ള മരുന്നിന് പകരം മനോരോഗത്തിനുള്ള മരുന്നാണ് നൽകിയതെന്നാണ് ആരോപണം.
ഓട്ടിസം ബാധിച്ച ഇരുപത്തിയാറുകാരനായ അമ്പരീഷ് വർഷങ്ങളായി അപസ്മാരത്തിന് മരുന്ന് കഴിക്കുന്നതാണ്. ഓരോ മാസവും സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും അപസ്മാരത്തിനുള്ള മരുന്ന് വാങ്ങും. ഇത്തരത്തിൽ കഴിഞ്ഞ വ്യാഴാഴ്ച അമ്പരീഷിൻ്റെ അമ്മ ഡോക്ടറെ കാണുകയും ഡോക്ടർ കണ്ടിന്യൂ എന്ന് എഴുതി നൽകുകയും ചെയ്തു. തുടർന്ന് ഫാർമസിയിൽ ചെന്നപ്പോൾ അപസ്മാരത്തിനുള്ള ‘ക്ലോബാസം’ എന്ന മരുന്നിന് പകരം ‘ക്ലോസാപ്പൈൻ’ എന്ന മരുന്ന് നൽകുകയായിരുന്നു. രണ്ട് മരുന്നുകളും പേരിൽ മാത്രമല്ല, കാഴ്ചയിലും സാമ്യമുണ്ടായിരുന്നെന്ന് അമ്പരീഷിൻ്റെ അമ്മ പറയുന്നു.
തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയും ഉച്ചയ്ക്കും അമ്പരീഷ് ഈ മരുന്ന് കഴിച്ചു. തുടർന്ന് വൈകിട്ട് അമ്മ മുറിയിലെത്തിയപ്പോൾ അബോധാവസ്ഥയിലുള്ള അമ്പരീഷിനെയാണ് കണ്ടത്. ഉടനെ ആണ്ടൂർകോണം സിഎച്ച്സിയിലേക്ക് തന്നെ കൊണ്ടുപോയി. എന്നാൽ അമ്പരീഷിൻ്റെ ആരോഗ്യനില ഗുരുതരമാണെന്ന് കണ്ടതോടെ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോവുകയായിരുന്നു. നിലവിൽ മെഡിക്കൽ കോളജിലെ എംഐസിയുവിൽ തീവ്ര പരിചരണത്തിലാണ് അമ്പരീഷ്. സംഭവത്തിൽ പോത്തൻകോട് പോലീസിലും ഡിഎംഒയ്ക്കും ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്.