തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 13 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വിളപ്പിൽ മൂങ്ങോട് മുക്കംപാലമൂട് സ്വദേശി ഗോകുലിനെയാണ് (27) കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി വി. വിനോദ് ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും പിഴയൊടുക്കിയില്ലെങ്കിൽ അഞ്ച് മാസം അധിക കഠിനതടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.
2022 സെപ്റ്റംബർ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി മാറനല്ലൂരിലെ ഒരു വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കൂടാതെ, മലയിൻകീഴിലെ വിജനമായ സ്ഥലത്തുവെച്ചും പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. പെൺകുട്ടിയുടെ മാതാപിതാക്കൾ മലയിൻകീഴ് പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഡി.ആർ. പ്രമോദ് ഹാജരായി. അന്നത്തെ മലയിൻകീഴ് പൊലീസ് ഇൻസ്പെക്ടർ ടി.വി. ഷിബുവാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 26 സാക്ഷികളെ വിസ്തരിക്കുകയും 46 രേഖകളും ഏഴ് തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കുകയും ചെയ്തു.