റിയാദ്: ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ നടപടികൾക്ക് പിന്തുണയുമായി ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിൽ. സ്വയം പ്രതിരോധിക്കാനുള്ള സൗദിയുടെ അവകാശത്തെ പിന്തുണച്ച കൗൺസിൽ, റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണങ്ങളെയും അപലപിച്ചു.
അതിനിടെ, യെമനിലെ ഏദനിലുള്ള അൽ മആഷിഖ് പ്രസിഡൻഷ്യൽ കൊട്ടാരത്തിന് നേരെയുണ്ടായ ഹൂത്തി ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. സുരക്ഷാ ജീവനക്കാരുൾപ്പെടെയാണ് മരിച്ചത്. പ്രധാനമന്ത്രിക്കും മറ്റ് പ്രധാന നേതാക്കൾക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.
സൗദിയുടെ നേതൃത്വത്തിലുള്ള സംയുക്ത സേന നടത്തിയ 2,388 ആക്രമണങ്ങൾക്കുള്ള തിരിച്ചടിയാണ് നടപടികളെന്നാണ് ഹൂത്തികളുടെ വാദം. സൗദിയുടെ നിരീക്ഷണ ഡ്രോൺ വെടിവെച്ചിട്ടതായും ഹൂത്തികൾ അവകാശപ്പെട്ടു.
സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ജിദ്ദ, ദമാം, റിയാദ് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഈ മാസം 20 വരെ റദ്ദാക്കി. ഇൻഡിഗോയും ആകാശ എയറും നേരത്തേ സർവീസുകൾ റദ്ദാക്കിയിരുന്നു. ഇതോടെ ഗൾഫ് മേഖലയിലേക്കുള്ള വ്യോമയാത്രയെ സംഘർഷം കാര്യമായി ബാധിച്ചു. ഉംറ തീർത്ഥാടകരുടെ യാത്രകളെയും തീരുമാനം പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.