തിരുവനന്തപുരം: വിഴിഞ്ഞത്ത് പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികളെ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തിയതുമായ കേസിൽ രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. വിഴിഞ്ഞം മുക്കോല കാഞ്ഞിരംവിള ലക്ഷം വീട് സ്വദേശി റ്റിനു(20), വിഴിഞ്ഞം കോട്ടപ്പുറം തുലവിള സൂസന്ന ഹൗസിൽ ലിൻസൺ(21) എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മൂന്നുപേർ ഉൾപ്പെട്ടിട്ടുള്ളതായും സൂചനയുണ്ട്. സ്കൂളിൽ നടന്ന കൗൺസിലിങ്ങിലായിരുന്നു വിദ്യാർഥിനികൾ പീഡനവിവരം അധികൃതരോട് പറഞ്ഞത്.
കഴിഞ്ഞ ആറുമാസം മുൻപായിരുന്നു കേസിനാസപദമായ സംഭവം നടന്നത്. സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വിദ്യാർഥിനികളെ ബൈക്കുകളിൽ പിന്തുടർന്ന് സൗഹൃദത്തിലാക്കി പീഡനത്തിനിരയാക്കുകയായിരുന്നു. യുവാക്കൾ മൊബൈൽ ഫോണുകളിൽ ഇവരുടെ നഗ്നഫോട്ടോകളും പകർത്തിയിരുന്നുവെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു.
ദൃശ്യങ്ങളുപയോഗിച്ച് ഭീഷണിപ്പെടുത്തി തുടർന്നും പീഡിപ്പിച്ചു. സ്കൂളധികൃതർ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലായിരുന്നു രണ്ടുപ്രതികളും അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എസ്.എച്ച്.ഒ. കെ. ഹേമന്ത് കുമാർ, എസ്.ഐ. പ്രശാന്ത്, എസ്.സി.പി.ഒ. വിനയകുമാർ, സിപിഒമാരായ രെജിൻ, രാധിക, സൗമ്യ എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്.