തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ. ശ്രീലേഖക്കെതിരെ പുനലൂർ പോലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) 192-ാം വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ മനഃപൂർവം പ്രകോപനം സൃഷ്ടിക്കുന്ന തരത്തിലുള്ള പ്രസംഗമാണ് നടത്തിയതെന്നാണ് ആരോപണം. കുറ്റം തെളിഞ്ഞാൽ ഒരു വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന വകുപ്പാണിത്. ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
പുനലൂരിൽ നടന്ന ബിജെപി ജനസഭ പരിപാടിയിൽ സംസാരിക്കവെയാണ് ആർ. ശ്രീലേഖ വിവാദ പരാമർശം നടത്തിയത്. ഡൽഹിയിലെ സമരവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുടേത് “മയക്കുമരുന്ന് ഉള്ളിൽ ചെല്ലുമ്പോഴുള്ള വെപ്രാളമാണ്, ആ താണ്ഡവമാണ് ഡൽഹിയിൽ നടത്തിക്കൊണ്ടിരിക്കുന്നത്” എന്നായിരുന്നു അവരുടെ ആക്ഷേപം.
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളമാണ് ഡിജിപിക്ക് പരാതി നൽകിയത്. മതവികാരങ്ങളെയും കോൺഗ്രസ് പ്രവർത്തകരുടെയും വികാരങ്ങളെയും വ്രണപ്പെടുത്തുന്നതാണ് പ്രസ്താവനയെന്നും കേസെടുക്കണമെന്നുമാണ് ആവശ്യം.