കൊച്ചി: നെടുമ്പാശേരിയിൽ മിനി കൂപ്പർ ഇടിച്ച് മൂന്നു പേർ കൊല്ലപ്പെട്ട സംഭവത്തിൽ കാറോടിച്ചിരുന്ന മുഖ്യപ്രതി സുഹൈൽ സജീവ് (19) അളവിൽ കൂടുതൽ മദ്യപിച്ചിരുന്നതായി പരിശോധനാഫലം. സുഹൈലിന്റെ രക്തസാമ്പിളടക്കം പരിശോധിച്ച കാക്കനാട്ടെ റീജിണൽ കെമിക്കൽ എക്സാമിനേഷൻ ലാബോറട്ടറിയുടെ പരിശോധനാഫലത്തിലാണ് ഇത് വ്യക്തമായത്. എന്നാൽ എത്രയാണ് കണ്ടെത്തിയ മദ്യത്തിന്റെ അളവ് എന്നത് പുറത്തുവിട്ടിട്ടില്ല.
അതേസമയം രാസലഹരി ഉൾപ്പെടെ ഉപയോഗിച്ചിരുന്നോ എന്ന കാര്യം കൂടുതൽ പരിശോധനയിലേ വ്യക്തമാകൂ. ഇതിനിടെ, കാക്കനാട് ജില്ലാ ജയിലിനോട് ചേർന്നുള്ള ബോസ്റ്റൽ സ്കൂളിൽ പാർപ്പിച്ചിട്ടുള്ള സുഹൈലും കൂട്ടുപ്രതികളും മുടിമുറിച്ചത് സാധാരണ നടപടിക്രമം മാത്രമാണ് എന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
കഴിഞ്ഞ ഞായറാഴ്ച വെളുപ്പിനെ രണ്ടു മണിയോടെയാണ് സുഹൈൽ ഓടിച്ചിരുന്ന മിനി കൂപ്പർ സ്കൂട്ടറിനു പിന്നിലിടിച്ച് വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, സുള്ള്യ സ്വദേശി ഇയാസ് കൊല്ലപ്പെട്ടത്. തുടർന്ന് കാറിൽ നിന്ന് നാട്ടുകാർ സുഹൈലിനെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് രാവിലെ 6.59ന് തയാറാക്കിയ എഫ്ഐആറിൽ പക്ഷേ സുഹൈലിന്റെ പേര് പരാമർശിക്കാതിരുന്നതും മദ്യപിച്ചിരുന്നു എന്ന് ചേർക്കാതിരുന്നതും ഏറെ വിവാദമായിരുന്നു. പിന്നീട് മരിച്ചവരുടെ ബന്ധുക്കൾ തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്തു വരികയും ചെയ്തു. പ്രതിയെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇതെന്നായിരുന്നു ബന്ധുക്കൾ ഉന്നയിച്ച ആരോപണം. എന്നാൽ സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ തയാറാക്കിയതെന്നും കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ സുഹൈൽ മദ്യപിച്ചിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും കേസന്വേഷണത്തിന് നേതൃത്വം നൽകുന്ന ആലുവ റൂറൽ എസ്പി വിശദീകരിക്കുകയും ചെയ്തു.
ഇതിനിടെകസ്റ്റഡിയിൽ ലഭിച്ച സുഹൈലുമായി നെടുമ്പാശേരി പോലീസ് ഇന്നലെ ബാറിലും അപകടമുണ്ടായ സ്ഥലത്തുമെത്തി തെളിവെടുപ്പ് നടത്തി. ഉച്ചയ്ക്ക് 12.30 മുതൽ പിറ്റേന്ന് വെളുപ്പിന് ഒന്നര വരെ സുഹൈൽ 3 ബാറുകളിൽ നിന്നായി മദ്യപിച്ചിരുന്ന കാര്യം എക്സൈസ് കണ്ടെത്തിയിരുന്നു. അതിനിടെയാണ് സുഹൈൽ മുടി മുറിച്ചത് സാക്ഷികളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന ആക്ഷേപം ഉയർന്നത്. അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ എത്തിച്ചപ്പോൾ സുഹൈൽ മുടി പറ്റേ വെട്ടിയ നിലയിലായിരുന്നു. കൂട്ടുപ്രതികളായ നിനവ്, അമീർ, ജോയൽ എന്നിവരും സമാനമായി മുറി മുറിച്ചിരുന്നു. എന്നാൽ ഇത് സാധാരണ നടപടിക്രമം മാത്രമാണെന്നാണ് ബോസ്റ്റൽ സ്കൂൾ അധികൃതരുടെ വാദം.