ന്യൂഡൽഹി; രാജ്യ തലസ്ഥാനം പ്രക്ഷോഭച്ചൂടിൽ മുഖരിതമായിരിക്കുമ്പോൾ പോലീസിനും പട്ടാളത്തിനും മുന്നിൽ പതറാതെ മുന്നോട്ട് കുതിക്കൂവെന്ന് മകൾക്ക് കുറിപ്പുമായി അമ്മ. ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർഥിനിയും ഫ്രറ്റേണിറ്റി പ്രവർത്തകയുമായ ഹൈഫക്ക് മാതാവ് പി.ടി.പി സാജിത സമരമുഖത്തുള്ള മകൾക്കു കുറിപ്പെഴുതിയത്. ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റാണ് പിടിപി സാജിത. ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി ഹൈഫയെ ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
പി.ടി.പി സാജിത ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ-
’56 ഇഞ്ചുകാരന്റെ പോലീസിന്റേയും പട്ടാളത്തിന്റേയും മുന്നിൽ ഒരിഞ്ച് പിൻമാറാതെ മുന്നോട്ട് കുതിക്കണം. അധികാരത്തിന്റെ ദണ്ഡ് ഉപയോഗിച്ച് ജനാധിപത്യ പ്രതിഷേധങ്ങളെ തച്ച് തകർക്കുന്നവർക്ക് നേരെ ധൈര്യപൂർവ്വം നിലകൊള്ളണം. അനീതിയും അസമത്വവും വംശീയതയും പേറുന്ന ഭരണകൂടത്തിന് നേരെ സത്യത്തിന്റേയും നീതിയുടേയും മനുഷ്യത്വത്തിന്റെയും പ്രതീകമായി ഉയരണം. ഗ്യാനേഷ്‌കുമാർ രാജിവെക്കുക. എസ്‌ഐആർ റദ്ദാക്കുക.’
അതേസമയം ഡൽഹി യൂണിവേഴ്‌സിറ്റി ഫ്രറ്റേണിറ്റി ജോയിന്റ് സെക്രട്ടറിയാണ് കണ്ണൂർ സ്വദേശിനിയായ ഫൈഫ. കഴിഞ്ഞ ദിവസം പ്രക്ഷോഭത്തിനിടെ ഫൈഫയെ കസ്റ്റഡിയിലെടുക്കുന്ന ചിത്രങ്ങൾ ബിബിസിയും അൽജസീറയും ഉൾപ്പെടെ അന്താരാഷ്ട്ര മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഐസ നേതാവ് നേഹ ബോറയ്‌ക്കൊപ്പം കസ്റ്റഡിയിലെടുത്ത ഹൈഫയെ ദൗലത്പൂർ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയിരുന്നു.









































