ആലപ്പുഴ: ചെങ്ങന്നൂരിനടുത്ത് തിരുവൻവണ്ടൂരിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തി ലഹരി സംഘത്തിന്റെ അഴിഞ്ഞാട്ടം. ഇന്നലെ ഉച്ചയോടെ തുടങ്ങിയ ശല്യം രാത്രിയിലും തുടർന്നതോടെ നാട്ടുകാർ സംഘടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ നാട്ടുകാരും പോലീസും ചേർന്ന് ഓതറയിൽനിന്ന് പിടികൂടി. മറ്റ് രണ്ടുപേരെ രാത്രി ചെങ്ങന്നൂർ നഗരത്തിലെ ബാറിൽനിന്നും പിടികൂടി. സംഭവത്തിൽ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്നാണ് വിവരം.
മദ്യപിച്ച് അമിതവേഗത്തിൽ ഗ്രാമവഴിയിലൂടെ കാറോടിച്ചെത്തിയ സംഘം ഇലക്ട്രിക് പോസ്റ്റ് ഇടിച്ചുതകർക്കുകയും നാട്ടുകാരെ അസഭ്യം പറയുകയും ചെയ്തെന്നാണ് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് സംഘം രാത്രിയിൽ വീണ്ടും പ്രദേശത്തെത്തി നാട്ടുകാരെ ഭീതിയിലാഴ്ത്തിയത്. തുടർച്ചയായ ശല്യത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ സംഘടിച്ചതോടെ പോലീസും ഇടപെട്ടു. സംഭവത്തിൽ ഉൾപ്പെട്ട മറ്റൊരാൾക്കായി തിരച്ചിൽ തുടരുകയാണ്










































