തിരുവനന്തപുരം: പൈപ്പ് ലൈൻ സ്ഥാപിക്കാൻ റോഡും നടപ്പാതയും വെട്ടിപ്പൊളിക്കുന്ന രീതിക്ക് വിരാമമിടാൻ മൈക്രോ ടണലിങ് സാങ്കേതികവിദ്യ തലസ്ഥാനത്തും നടപ്പാക്കുന്നു. റോഡുകൾ പൊളിക്കാതെ ഭൂമിക്കടിയിലൂടെ പൈപ്പുകൾ സ്ഥാപിക്കാവുന്ന ആധുനിക സംവിധാനത്തിനുള്ള ആദ്യ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു. പദ്ധതിക്കായി 2.11 കോടി രൂപ അനുവദിച്ചു.
പാങ്ങോട് വാർഡിലാണ് ആദ്യഘട്ടത്തിൽ മൈക്രോ ടണലിങ് വഴി പൈപ്പിടുന്നത്. തുടർന്ന് പൂജപ്പുര, വലിയശാല എന്നിവിടങ്ങളിലും ഈ സാങ്കേതികവിദ്യ നടപ്പാക്കും. 15 ദിവസത്തിനുള്ളിൽ യന്ത്രം തലസ്ഥാനത്തെത്തിച്ച് നിർമാണജോലികൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ആദ്യഘട്ടത്തിൽ 5000 വീട്ടുകാർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
ഡൽഹി, ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മൈക്രോ ടണലിങ് ഉപയോഗിച്ച് പൈപ്പുകൾ സ്ഥാപിക്കുന്നുണ്ട്. നിർദിഷ്ട സ്ഥലത്ത് കുഴിയെടുത്ത് അതിലൂടെ യന്ത്രം ഭൂമിക്കടിയിലേക്ക് ഇറക്കുകയാണ് ആദ്യഘട്ടം. തുടർന്ന് മണ്ണ് തുരന്ന് യന്ത്രം മുന്നോട്ടുനീങ്ങുന്നതിനൊപ്പം പൈപ്പുകളും സ്ഥാപിക്കും. ഉറച്ച മണ്ണുള്ള പ്രദേശങ്ങളിലും ഈ സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കാനാകും. റോഡിലെ ടാർ പൊളിക്കാതെ മറുഭാഗത്തേക്ക് പൈപ്പ് ലൈൻ എത്തിക്കാമെന്നതാണ് പ്രധാന നേട്ടം.
പരമ്പരാഗത രീതിയിൽ പൈപ്പ് സ്ഥാപിക്കുന്നതിനേക്കാൾ അഞ്ചിരട്ടി വരെ ചെലവ് മൈക്രോ ടണലിങ്ങിന് വരും. ഒരു മീറ്ററിന് ഒരു ലക്ഷം രൂപയിലധികമാണ് ചെലവ് കണക്കാക്കുന്നത്. എന്നാൽ റോഡ് പൊളിക്കുന്നതിനും പിന്നീട് പുനർനിർമിക്കുന്നതിനും വേണ്ടിവരുന്ന ചെലവ് ഒഴിവാക്കാനാകുന്നതിനാൽ അധിക ചെലവിന്റെ ആഘാതം കുറയുമെന്നാണ് വിലയിരുത്തൽ.
മൈക്രോ ടണലിങ് ആരംഭിക്കുന്നതിന് മുമ്പ് കെ.എസ്.ഇ.ബി., വാട്ടർ അതോറിറ്റി എന്നിവയുടെ പരിശോധന നടത്തും. നിലവിലുള്ള പൈപ്പ് ലൈനുകളേക്കാൾ ആഴത്തിലായിരിക്കും പുതിയ പൈപ്പുകൾ സ്ഥാപിക്കുക. ഇതുവഴി ഭൂമിക്കടിയിലുള്ള മറ്റ് പൈപ്പ് ലൈനുകൾക്ക് കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യത കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ. റോഡ് കുഴിക്കുന്നതുമൂലമുള്ള ഗതാഗത തടസ്സവും ജനങ്ങളുടെ ബുദ്ധിമുട്ടും കുറയ്ക്കാൻ പുതിയ സംവിധാനം സഹായിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.




