കൊച്ചി: നെടുമ്പാശേരി അത്താണിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് മൂന്നുപേർക്ക് ദാരുണാന്ത്യം. സ്കൂട്ടർ യാത്രക്കാരായ രണ്ട് യുവതികളും യുവാവുമാണ് മരിച്ചത്. വയനാട് സ്വദേശിനി ദേവിക (21), പാലക്കാട് സ്വദേശിനി ഗോപിക (22), സൗത്ത് കർണാടക സ്വദേശി ഇയാസ് (21) എന്നിവരാണ് മരിച്ചത്. പുലർച്ചെ 2 മണിയോടെ ആയിരുന്നു അപകടം. സംഭവത്തെ തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ നാട്ടുകാർ പിടികൂടി. ഡ്രൈവർ സുഹൈൽ സജീവ് ആണ് പിടിയിൽ ആയത്. തൃക്കാക്കരയിലെ ഷോപ്പിലെ ജീവനക്കാരാണ് മരിച്ചവരെന്നാണ് പ്രാഥമിക വിവരം.
അതേസമയം കാറിന്റെ ഡ്രൈവർ സുഹൈൽ സജീവ് ലഹരി ഉപയോഗിച്ചതായി സംശയമുണ്ട്. ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ നാട്ടുകാർ പിടികൂടിയപ്പോൾ എന്തുവന്നാലും വീട്ടുകാർ നോക്കുമെന്നായിരുന്നു ഡ്രൈവറായ യുവാവിന്റെ വെല്ലുവിളിയെന്ന് നാട്ടുകാർ പറയുന്നു.
വിമാനത്താവളത്തിന്റെ ഭാഗത്തുനിന്ന് വന്ന മിനിക്കൂപ്പർ അമിതവേഗത്തിലെത്തി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടറിൽ സഞ്ചരിച്ച 3 പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. 100 മീറ്ററോളം സ്കൂട്ടറിനെ കാർ റോഡിലൂടെ നിരക്കിയ ശേഷമാണു നിന്നത്. സുഹൈൽ സജീവിനെ നെടുമ്പാശേരി പോലീസ് കസ്റ്റഡിയിലെടുത്തു.
‘സുഹൃത്തുക്കൾക്കൊപ്പം നിന്നപ്പോഴാണ് വലിയ ശബ്ദം കേട്ടത്. ഓടി വന്നപ്പോൾ 3 പേർ റോഡിൽ കിടക്കുന്നതു കണ്ടു. ഉടനെ പോലീസിനെ അറിയിച്ചശേഷം ആംബുലൻസ് വിളിച്ചു. കാറിൽ രണ്ടുപേരുണ്ടായിരുന്നു. വണ്ടിയിൽനിന്ന് ഇറങ്ങിയ ഡ്രൈവർ നാട്ടുകാരുമായി തർക്കിച്ചു. പോലീസ് എത്തി കൊണ്ടുപോയി’’–നാട്ടുകാരിൽ ഒരാൾ മാധ്യമങ്ങളോട് പ്രതികരിച്ചു.






