റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. 309 പേർക്ക് പരിക്കേറ്റു. സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനാണ് ഞായറാഴ്ച പുലർച്ചെ മരണസംഖ്യ സ്ഥിരീകരിച്ചത്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്.
മരിച്ചവരിൽ നാല് സൗദി പൗരന്മാരും രണ്ട് ബംഗ്ലാദേശ് പൗരന്മാരും ഉൾപ്പെടുന്നു. അമേരിക്ക, ഈജിപ്ത്, ജോർദാൻ, സിറിയ, പലസ്തീൻ, സുഡാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള ഓരോ പൗരന്മാരും കൊല്ലപ്പെട്ടവരിലുണ്ട്. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ആക്രമണത്തെത്തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെച്ചു. നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തിവരികയാണെന്ന് അധികൃതർ അറിയിച്ചു.
റിയാദിലെ ആക്രമണത്തിന് പിന്നാലെ സൗദി അറേബ്യയുടെ കിഴക്കൻ മേഖലയിലെ ദമ്മാമിലുള്ള കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപവും ഒരു പ്രൊജക്ടൈൽ പതിച്ചതായി യെമനിലെ നിയമാനുസൃത സർക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേനയുടെ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോർട്ടില്ല. ഇറാൻ യുദ്ധം ആരംഭിച്ചതിനുശേഷം വിമാനത്താവളത്തിന് സമീപം ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത് ആദ്യമായാണെന്നാണ് വിവരം.
സൗദി അറേബ്യയിലെ സിവിൽ വ്യോമയാന കേന്ദ്രങ്ങൾക്കുനേരെ തുടർച്ചയായി ആക്രമണങ്ങളുണ്ടാകുന്ന സാഹചര്യത്തിലാണ് പുതിയ സംഭവം. വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സുരക്ഷാ പരിശോധനകളും നാശനഷ്ടങ്ങളുടെ വിലയിരുത്തലും തുടരുകയാണ്. സൗദിയിലെത്താൻ കഴിയാതെ വിദേശരാജ്യങ്ങളിൽ കുടുങ്ങിയ യാത്രക്കാർ സഹായത്തിനായി അതത് രാജ്യങ്ങളിലെ സൗദി നയതന്ത്ര കാര്യാലയങ്ങളുമായി ബന്ധപ്പെടണമെന്ന് വിദേശകാര്യ മന്ത്രാലയം നിർദേശിച്ചു. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് വിമാനസർവീസുകളുടെ സ്ഥിതി ഉറപ്പാക്കണമെന്നും അധികൃതർ അറിയിച്ചു.
റിയാദ് വിമാനത്താവളത്തിന് നേരെ ഈ ആഴ്ചയിലുണ്ടായ ആക്രമണപരമ്പരയിലെ ഏറ്റവും ഗുരുതരമായ സംഭവമാണ് ശനിയാഴ്ചത്തേത്. വ്യാഴാഴ്ചയുണ്ടായ ആക്രമണങ്ങളിൽ സൗദി പൗരന്മാർ കൊല്ലപ്പെട്ടിരുന്നു. സൗദിയ വിമാനത്തിലെ പൈലറ്റും അന്നത്തെ ആക്രമണത്തിൽ മരിച്ചവരിൽ ഉൾപ്പെട്ടിരുന്നു. അതിന് മുമ്പും റിയാദിലും അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിലും ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
യെമനിലെ ഹൂതി വിഭാഗമാണ് സൗദിയിലെ വിമാനത്താവളങ്ങൾക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾക്ക് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. റിയാദ്, അബഹ, ഖമീസ് മുഷൈത്ത്, ജിസാൻ, നജ്‌റാൻ തുടങ്ങിയ മേഖലകളിൽ അടുത്തിടെ ആക്രമണങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. മേഖലയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ സിവിൽ വിമാനത്താവളങ്ങൾ ലക്ഷ്യമിടുന്ന ആക്രമണങ്ങൾ യാത്രാസുരക്ഷയെക്കുറിച്ചും വ്യോമഗതാഗതത്തെക്കുറിച്ചും ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്.




