വിക്ടോറിയ: ഓസ്‌ട്രേലിയയിൽ മലയാളി മസാജ് തെറാപ്പിസ്റ്റിന് തടവ് ശിക്ഷ. . കോട്ടയം കുമരകം സ്വദേശിയായ ടോമി മാത്യു (33) ആണ് മസാജ് സെന്ററിൽ മുൻപ് നടന്ന സംഭവത്തിൽ ഓസ്‌ട്രേലിയയിലെ ജയിലിൽ കഴിയുന്നത്. 2025ൽ വടക്ക്-പടിഞ്ഞാറൻ വിക്ടോറിയയിലെ മിൽഡുറയിൽ താമസിക്കുന്നതിനിടെയാണ് ടോമി ട്രെയിനീ മസാജ് തെറാപ്പിസ്റ്റിന്റെ ജോലി നേടിയത്. ഇതിനിടെ ഇയാൾ രണ്ട് സ്ത്രീകളെ ലൈംഗികമായി സ്പർശിച്ചതായി പരാതി ഉയർന്നതായി ഇയാളുടെ തൊഴിലുടമ മിൽഡുറ മജിസ്‌ട്രേറ്റ് കോടതിയിൽ മൊഴി നൽകിയിരുന്നു.
പരിശീലന കാലയളവിൽ അഞ്ച് സ്ത്രീകളെ ടോമി മസാജ് ചെയ്തുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിൽ മൂന്ന് പേർ ഇയാളുടെ സഹപ്രവർത്തകരാണ്. സഹപ്രവർത്തകരല്ലാത്ത മറ്റ് രണ്ട് സ്ത്രീകളാണ് പരാതിക്കാർ. 2025 മാർച്ച് 13നാണ് ആദ്യത്തെ പരാതിക്കാരി 45 മിനിറ്റ് നീളുന്ന ഓയിൽ മസാജിന് എത്തിയത്. ആദ്യം ടോമി പരാതിക്കാരിയുടെ കാലും കൈകളും പാദവും തോളും തലയിലുമെല്ലാം മസാജ് ചെയ്തു. പിന്നീട് ടവലിനിടയിലൂടെ കയ്യിട്ട് പരാതിക്കാരിയെ മോശമായി സ്പർശിച്ചുവെന്നാണ് കേസ്. നിർത്താൻ ആവശ്യപ്പെട്ടിട്ടും ഇയാൾ അതിന് തയാറായില്ലെന്ന് പരാതിയിൽ വ്യക്തമാക്കിയിരുന്നു. അതേ വർഷം ഏപ്രിൽ അഞ്ചിനാണ് രണ്ടാമത്തെ പരാതിക്കാരി മസാജിനെത്തിയത്. കഴുത്തിന് 30 മിനിറ്റ് നീളുന്ന മസാജ് ആയിരുന്നു ഇവർ ബുക്ക് ചെയ്തിരുന്നത്. ഇവരെയും ടോമി സമാനമായ രീതിയിൽ മോശമായി സ്പർശിച്ചതായിട്ടാണ് പരാതി. ഇരുസ്ത്രീകളെയും താൻ മോശമായി സ്പർശിച്ചിട്ടില്ലെന്ന് ടോമി കോടതിയിൽ പറഞ്ഞു.
കേസിൽ ടോമിക്ക് അഞ്ച് മാസമാണ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ വിധിക്കുമ്പോൾ ടോമി മാത്യു ക്വീൻസ്‌ലാൻഡിൽ വയോജന പരിചരണ കേന്ദ്രത്തിൽ അടുക്കളയിൽ ജോലി നേടിയിരുന്നതിനാലും സമാനമായ കുറ്റകൃത്യം ചെയ്യാൻ സാധ്യത കുറവാണെന്നും വിലയിരുത്തിയാണ് കോടതി കുറഞ്ഞ ശിക്ഷ വിധിച്ചത്. കേസിന്റെ ഗുരുതരമായ സ്വഭാവം, വിശ്വാസലംഘനം, പശ്ചാത്താപമില്ലായ്മ എന്നിവ കാരണം തടവുശിക്ഷയല്ലാതെ മറ്റൊരു ശിക്ഷാരീതിയും ഉചിതമല്ലെന്ന് മജിസ്‌ട്രേറ്റ് തോമസ് നിലപാട് സ്വീകരിച്ചതും ഈ കേസിന്റെ സവിശേഷതയാണ്.




