കോട്ടയം: അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് ചന്തക്കവലയിൽ നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പരുക്കേറ്റ പെൺകുട്ടി മരിച്ചു. നട്ടാശേരി പാറയിൽ അജയന്റെ മകൾ അഞ്ജലിയാണ് (18) മരിച്ചത്. അപകടത്തിൽ അഞ്ജലിയുൾപ്പെടെ 5 സ്ത്രീകൾക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് സർജിക്കൽ ഐസിയുവിൽ വെന്റിലേറ്ററിലായിരുന്നു അഞ്ജലി. മാതാവ് മരിച്ചതിനുശേഷം വലിയമ്മയോടൊപ്പമായിരുന്നു അഞ്ജലി താമസിച്ചിരുന്നത്. ചന്തക്കവലയ്ക്കു സമീപമുള്ള സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു അഞ്ജു.
ഇന്നലെ രാത്രി ഏഴിനായിരുന്നു വൻ അപകടമുണ്ടായത്. നാഗമ്പടം സ്റ്റാൻഡിൽനിന്നു ചങ്ങനാശേരി ഭാഗത്തേക്കു പോകുകയായിരുന്ന തണ്ടപ്ര എന്ന സ്വകാര്യ ബസാണ് അപകടത്തിൽപെട്ടത്. ബസിനടിയിൽ കുടുങ്ങിയവരെ നാട്ടുകാരും അഗ്നിരക്ഷാസേനയും പോലീസും ചേർന്നു പുറത്തെടുത്ത് ജനറൽ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. അതേസമയം അമിതവേഗമാണ് അപകടകാരണമെന്നു ദൃക്സാക്ഷികൾ പറയുന്നു. ബസ് കാത്തുനിന്നവർക്കും വഴിയാത്രക്കാർക്കുമാണു പരുക്കേറ്റതെന്ന് പോലീസ് അറിയിച്ചു. ചാറ്റൽമഴ ഉണ്ടായിരുന്നതു മൂലം ബസ് സ്റ്റോപ്പിനു സമീപത്തെ കടത്തിണ്ണയിലേക്കു ചിലർ കയറി നിന്നതിനാൽ വൻദുരന്തം ഒഴിവായി. കൂടാതെ ബസ് വരുന്നതു കണ്ട് ചിലർ ഓടിമാറുകയായിരുന്നു.
അപകടത്തെത്തുടർന്ന് അരമണിക്കൂറോളം നഗരത്തിൽ ഗതാഗതം തടസപ്പെട്ടു. ഡ്രൈവറും കണ്ടക്ടറും പോലീസ് കസ്റ്റഡിയിലാണ്. പരുക്കേറ്റ ഇത്തിത്താനം സുഭാഷ്ഭവനിൽ ശ്രീകുമാരി (54) മെഡിക്കൽ കോളജ് ആശുപത്രിയിലും മറിയപ്പള്ളി മുട്ടം ഉള്ളാട്ട് ജയ (51) കാരിത്താസ് ആശുപത്രിയിലും കൊല്ലാട് കലേഷ്ഭവനിൽ അനുമോൾ സുരേഷ് (48), ചങ്ങനാശേരി മലകുന്നം ആനക്കുഴി എ.കെ.സുനി (46) എന്നിവർ ജനറൽ ആശുപത്രിയിലും ചികിത്സയിലാണ്.





