കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് മുന്നിലേക്ക് ചാടിയ യുവാവ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചു. കോഴിക്കോട് പുതിയറ തിരുത്തിയാട് തെക്കേപാലാട്ട് വിഷ്ണുകൃപ ഹൗസിൽ നിത്യാനന്ദന്റെ മകൻ ടി.പി. അജയ് (41) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി പത്തുമണിയോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം.
കോഴിക്കോട് സിവിൽ സ്റ്റേഷനിലെ കൃഷിവകുപ്പിൽ ജീവനക്കാരനായിരുന്നു അജയ്. വ്യാഴാഴ്ച രാവിലെ 10.20ന് മാവൂർ റോഡിൽ മെഡിക്കൽ കോളജ് ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിന് മുന്നിലേക്കാണ് അജയ് ചാടിയത്. ബസ് ഉടൻ നിർത്തിയെങ്കിലും ചക്രം കാലിലൂടെ കയറിയിറങ്ങി ഗുരുതരമായി പരുക്കേറ്റു. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ ബസിലെ ഡാഷ്ബോർഡ് ക്യാമറയിൽ പതിഞ്ഞിരുന്നു. ബാഗുമായി റോഡരികിലെ നടപ്പാതയിൽ നിന്ന യുവാവ് ബസ് അടുത്തെത്തിയതോടെ ബാഗ് അവിടെവെച്ച് ഓടിയെത്തി ബസിന് മുന്നിലേക്ക് ചാടുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
സംഭവത്തിൽ നടക്കാവ് പൊലീസ് കേസെടുത്തു. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. വെള്ളിയാഴ്ച വൈകിട്ട് നാലിന് മാവൂർ റോഡ് ശ്മശാനത്തിലാണ് സംസ്കാരം.




