റിയാദ്: റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി മിസൈൽ ആക്രമണത്തെത്തുടർന്ന് സൗദി അറേബ്യയിലെ വ്യോമഗതാഗതം പ്രതിസന്ധിയിൽ. ആക്രമണത്തിൽ വിമാനത്താവളത്തിന് നാശനഷ്ടങ്ങളുണ്ടായതായും നിർത്തിയിട്ടിരുന്ന സൗദിയ എയർലൈൻസ് വിമാനത്തിന് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇതോടെ റിയാദിൽനിന്നുള്ള വിമാനസർവീസുകളിൽ 55 ശതമാനത്തോളം മുടങ്ങി.
പട്ടികയിലുണ്ടായിരുന്ന 378 വിമാനങ്ങളിൽ 169 എണ്ണത്തിന് മാത്രമാണ് സർവീസ് നടത്താനായത്. അബ്ഹ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനത്തെയും പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യൻ വിമാനക്കമ്പനികളായ ആകാശ എയർ, ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവ സൗദിയിലേക്കുള്ള സർവീസുകൾ റദ്ദാക്കി. ലുഫ്താൻസ, എയർ കാനഡ തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര വിമാനക്കമ്പനികളുടെ സർവീസുകളും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു.
ബുധനാഴ്ച കിങ് ഖാലിദ്, അബ്ഹ വിമാനത്താവളങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണങ്ങൾക്കു പിന്നാലെ വ്യോമഗതാഗതം തടസ്സപ്പെട്ടതും സുരക്ഷാ ആശങ്കകൾ വർധിച്ചതും പ്രവാസികളെയും യാത്രക്കാരെയും ആശങ്കയിലാക്കിയിട്ടുണ്ട്.
സാഹചര്യം കണക്കിലെടുത്ത് സൗദി അറേബ്യയിലെ ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി ജാഗ്രതാ നിർദേശം നൽകി. അനാവശ്യമായി പുറത്തിറങ്ങരുതെന്നും സുരക്ഷാ മുന്നറിയിപ്പ് ലഭിച്ചാൽ കെട്ടിടത്തിനുള്ളിൽ തന്നെ തുടരണമെന്നും എംബസി നിർദേശിച്ചു. വിമാനയാത്ര ആസൂത്രണം ചെയ്യുന്നവർ യാത്രയ്ക്കു മുമ്പ് ബന്ധപ്പെട്ട വിമാനക്കമ്പനികളിൽനിന്ന് സർവീസുകളുടെ പുതുക്കിയ വിവരം ഉറപ്പാക്കണം.





